കൊറോണക്കിടയിലും ക്രിസ്മസ് ഘോഷിക്കാൻ ബിവറേജസ് ആലപ്പുഴ ഗോഡൗണിൽ വിറ്റത് 6.84 കോടിയുടെ മദ്യം

ആലപ്പുഴ: കൊറോണ തീർത്ത പ്രതിസന്ധിക്കിടയിലും ക്രിസ്മസ് ആഘോഷത്തിന് ബിവറേജസ് കോർപ്പറേഷന്റെ ആലപ്പുഴ ഗോഡൗണിൽ നിന്ന് വിറ്റഴിച്ചത് 6.84 കോടിയുടെ മദ്യം. ജില്ലയുടെ തെക്കൻ മേഖലയിലെ ബാറുകളും ചില്ലറ വില്പനശാലകളും മദ്യം വാങ്ങുന്നത് തിരുവല്ലയിലെ ബിവറേജസ് ഗോഡൗണിൽ നിന്നാണ്.

തെക്കൻ മേഖലയിലെ വില്പനയുടെ കണക്കുകൂടി വന്നാൽ ജില്ലയിൽ 10 കോടി രൂപയ്ക്ക് മേൽ മദ്യമാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കുടിച്ചു തീർത്തത്.

ആലപ്പുഴ ഗോഡൗണിന്റെ പരിധിയിലുള്ള, ബിവറേജസ് കോർപ്പറേഷന്റെ 11ചില്ലറ വില്പനശാലകളിൽ മാത്രമായി 2.70 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കൺസ്യൂമർഫെഡിന്റെ രണ്ട് ഷോപ്പുകളിലായി 84 ലക്ഷം രൂപയുടെയും 35 ബാറുകളിലും മൂന്ന് ക്ളബ്ബുകളിലുമായി 3.25 കോടിയുടെയും മദ്യമാണ് വിറ്റത്.

35 ലക്ഷത്തിന്റെ മദ്യം വിറ്റ ബിവറേജസ് കോർപ്പറേഷന്റെ ചുങ്കം ഷോപ്പാണ് ജില്ലയിൽ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് ചേർത്തല കോടതി കവലയിലെ ഷോപ്പ്. 33 ലക്ഷമാണ് വിറ്റുവരവ്. ഏറ്റവും കുറവ് തൃക്കുന്നപ്പുഴ ഷോപ്പിലാണ്; പത്തു ലക്ഷം.

ക്രിസ്മസിനു മുമ്പ് ശരാശരി എട്ടു മുതൽ പന്ത്രണ്ട് ലക്ഷം രൂപവരെ ആയിരുന്നു ചുങ്കത്തെ വില്പന. 12 ലക്ഷത്തിൽ നിന്നാണ് ഒറ്റദിവസം കൊണ്ട് 23 ലക്ഷത്തോളം കൂടിയത്. തൃക്കുന്നപ്പുഴയിൽ ടോക്കൺ അടിസ്ഥാനത്തിൽ വില്പന നടത്തിയതാണ് ഇടിവ് വരാൻ കാരണം. ബാറുകളിൽ ഇത്തവണ കാര്യമായ വില്പന നടന്നില്ല. ആലപ്പുഴ ഗോഡൗൺ പരിധിയിൽ ബിവറേജസ് കോർപ്പറേഷന്റേത് ഉൾപ്പെടെ 51 ഷോപ്പുകളാണുള്ളത്.