തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയെ തോൽപിക്കാൻ ശ്രമിച്ചതിന് തൃശ്ശൂരിൽ ഒൻപത് പേരെ ബിജെപി പുറത്താക്കി. മുൻ കൗൺസിലർ ലളിതാംബിക ഉൾപ്പടെയുളളവരെയാണ് പുറത്താക്കിയത്. ആറുവർഷത്തേക്കാണ് അച്ചടക്ക നടപടി. ബിജെപിയുടെ മേയർ സ്ഥാനാർഥിയായിരുന്ന ബിഗോപാലകൃഷ്ണൻ തോറ്റ കുട്ടൻകുളങ്ങര ഡിവിഷനിലെ സിറ്റിങ് കൗൺസിലറായിരുന്നു ലളിതാംബിക.
കുട്ടൻകുളങ്ങരയിൽ മികച്ച വിജയപ്രതീക്ഷയായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ബി.ഗോപാലകൃഷ്ണനെ ഇവിടെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. ഡിവിഷനിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ലളിതാംബികയെ തഴഞ്ഞ് ഗോപാലകൃഷ്ണനെ ഇവിടെ മത്സരിപ്പിക്കുന്നതിൽ തുടക്കത്തിൽ തന്നെ ബിജെപിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ലളിതാംബിക പാർട്ടിയിൽ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അറിവോടുകൂടിയാണ് തീരുമാനമെന്നും ഇവരെ പുറത്താക്കിക്കൊണ്ടുളള കത്തിൽ ബിജെപി വ്യക്തമാക്കുന്നു.