കൊച്ചി: ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐയ്ക്ക് നൽകി കോർപ്പറേഷനിലെ സിപിഎം സിപിഐ തർക്കം പരിഹരിച്ചു. ഇതുസംബന്ധിച്ച് സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായതായി സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. ഇതനുസരിച്ച് മട്ടാഞ്ചേരി അഞ്ചാം ഡിവിഷനിൽ നിന്ന് വിജയിച്ച സിപിഐയുടെ കെ.എ അൻസിയ ഡെപ്യൂട്ടി മേയറാകും.
മട്ടാഞ്ചേരിയിലെ അഞ്ചാം ഡിവിഷനില്‍ അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന ലീഗിന്റെ അപ്രമാദിത്വമാണ് അന്‍സിയയിലൂടെ അവസാനിച്ചത്. പത്താം ക്‌ളാസ് വിദ്യാഭ്യാസത്തിനപ്പുറമുള്ള പ്രായോഗിക പരിജ്ഞാനമാണ് അന്‍സിയയുടെ കൈമുതല്‍. മട്ടാഞ്ചേരി ഹാര്‍ബറിലെ തൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമാണ് അന്‍സിയയുടെ ഭര്‍ത്താവ് കെ ബി അഷ്‌റഫ്.
സിപിഎം ജില്ല കമ്മിറ്റി അംഗം എം അനിൽകുമാറിനെ മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്ന് ചേരുന്ന സിപിഎം ജില്ല കമ്മിറ്റിയിൽ അന്തിമ തീരുമാനമുണ്ടാകും.
കൊച്ചി കോർപ്പറേഷനിൽ 4 സീറ്റുകളിൽ മാത്രം വിജയിച്ച സിപിഐയ്ക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകുന്നതിനെ ചൊല്ലി സിപിഎമ്മിനുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ മുന്നണി മര്യാദയനുസരിച്ച് ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്ന പരസ്യ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. ഇതോടെയാണ് ലെനിൻ സെന്‍ററിൽ സിപിഎം സിപിഐ ഉഭയകക്ഷി ചർച്ച വിളിച്ചു ചേർത്തത്.
എൽഡിഎഫിനെ പിന്തുണച്ച യുഡിഎഫിലെ രണ്ട് വിമതർക്കും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകാനും ധാരണയായി. ലീഗ് വിമതന്‍ ടി കെ അഷ്‌റഫും കോണ്‍ഗ്രസ് വിമതന്‍ ജെ സനില്‍ മോനുമാണ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ 36 അംഗങ്ങളുടെ പിന്തുണയുള്ള എൽഡിഎഫിന് മറ്റന്നാൾ നടക്കുന്ന മേയർ തെരഞ്ഞെടുപ്പിൽ കാര്യമായ വെല്ലുവിളികളില്ല.
അതേസമയം മാനാശ്ശേരിയില്‍ നിന്നും വിജയിച്ച സിപിഎം വിമതന്‍ കെ പി ആന്റണി ആരെയും പിന്തുണയ്ക്കാതെ മാറി നില്‍ക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ കോണ്‍ഗ്രസ് വിമത മേരി കലിസ്റ്റ പ്രകാശന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 28 നാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക. സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.