തിരുവനന്തപുരത്ത് കടകള്‍ അടിച്ച് തകര്‍ത്ത് മോഷണം നടത്തിയതിന് പിന്നില്‍ ലഹരി മാഫിയ

തിരുവനന്തപുരം: നഗരത്തില്‍ കടകള്‍ അടിച്ച് തകര്‍ത്ത് മോഷണം നടത്തിയ സംഭവത്തിന് പിന്നില്‍ ലഹരി മാഫിയയെന്ന് പൊലീസ്. പ്രതികള്‍ക്കായുള്ള തിരച്ചിലിനിടയില്‍ ഇന്നലെ പൊലീസിനെ ആക്രമിച്ചവര്‍ തിരുവല്ലം എസ്‌ഐയുടെ വയര്‍ലെസ് സെറ്റ് തട്ടിയെടുത്ത് നശിപ്പിച്ചു. തിരിച്ചറിഞ്ഞ എട്ട് പ്രതികള്‍ക്കായി
തെരച്ചില്‍ തുടരുകയാണ്.

തിരുവനന്തപുരം മണക്കാട്, കമലേശ്വം മേഖലകളില്‍ കടകള്‍ അടിച്ച് തകര്‍ക്കുകയും മോഷണം നടത്തുകയും ചെയ്ത സംഭവത്തിലാണ് മയക്കുമരുന്ന് മാഫിയയുടെ പങ്ക് പൊലീസ് സ്ഥിരീകരിച്ചത്. മുട്ടയ്ക്കാട് സ്ത്രീയുടെ മാല പിടിച്ച് പറിച്ച സംഭവത്തിന് പിന്നിലും ഇതേ പ്രതികള്‍ തന്നെയെന്ന് പൊലീസ് കണ്ടെത്തി.

തിരുവല്ലം ശാന്തിപുരത്തിനടുത്ത് വണ്ടിത്തടത്ത് നിന്ന് പ്രതികളെ ഇന്നലെ രാത്രി പിടികൂടിയെങ്കിലും സംഘത്തിലുള്ള മറ്റുള്ളവര്‍ പൊലീസിന് നേരെ പെട്രോള്‍ ബോംബും ബിയര്‍ കുപ്പിയും എറിഞ്ഞ് ആക്രമിക്കുകയും ജീപ്പ് തകര്‍ത്ത് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ പൊലീസുകാരനെ പരുക്കേല്‍പിച്ച് പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. തിരുവല്ലം എസ്‌ഐയുടെ വാഹനത്തില്‍ നിന്ന് വയര്‍ലെസ് സെറ്റ് തട്ടിയെടുത്ത് നശിപ്പിച്ച സംഘം സെറ്റ് വഴിയില്‍ ഉപേക്ഷിച്ചു. നിലവില്‍ മയക്കുമരുന്ന് മാഫിയ സംഘത്തില്‍പ്പെട്ട എട്ട് പ്രതികളെ തിരിച്ചറിഞ്ഞതായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ പ്രതാപചന്ദ്രന്‍ നായര്‍ അറിയിച്ചു.

ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പ്രതികള്‍ താമസിച്ചിരുന്ന സ്ഥലത്ത് ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ രണ്ടര കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്.