മലപ്പുറം : ലോക്സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരേ കടുത്ത വിമർശനവുമായി യൂത്ത്ലീഗ്. ലീഗ് നേതൃത്വം തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മൊയീൻ അലി ശിഹാബ് തങ്ങൾ.
“എംപി സ്ഥാനം രാജിവക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം അപ്രതീക്ഷിതമാണ്. ഈ തീരുമാനം നേതാക്കൾക്കും അണികൾക്കും മറുപടി പറയാനാകാത്ത പ്രതിസന്ധിയിലേക്ക് പാർട്ടിയെ എത്തിച്ചിട്ടുണ്ട്. ഇതൊന്നുകൂടി പുനഃപരിശോധിച്ച് പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും സ്വീകാര്യമുള്ള തീരുമാനമാണ് ആഗ്രഹിക്കുന്നത്.
മുസ്ലിം ലീഗ് ഏറ്റവും മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന സമയമാണിത്. അടുത്ത ആറ് മാസം കൊണ്ട് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു തീരുമാനം വന്നിരിക്കുന്നത്. അതിൽ എല്ലാവരും ദുഃഖിതരാണ്’ മൊയീൻ അലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മൊയീൻ അലി ശിഹാബ് തങ്ങൾ. എംപി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമെന്ന തീരുമാനത്തിന് കഴിഞ്ഞ ദിവസം ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗമാണ് അംഗീകാരം നൽകിയത്.
തീരുമാനത്തിനെതിരേ പ്രതിപക്ഷത്ത് നിന്നടക്കം വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കെയാണ് പാണക്കാട് കുടുംബത്തിൽ നിന്നും സമാനമായ എതിർപ്പ് ഉണ്ടായിരിക്കുന്നത്.
തീരുമാനത്തിൽ പാർട്ടിക്കുള്ളിൽ വലിയ എതിർപ്പുകളുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു നേതാവ് പരസ്യമായി രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.