സംസ്ഥാനത്ത് ഹെലികോപ്റ്റർ നിരീക്ഷണം ശക്തമാക്കാൻ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെലികോപ്റ്റർ നിരീക്ഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചു. വിവിധ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരള പൊലീസ് വാടകയ്ക്കെടുത്ത 10 സീറ്റുള്ള ‘എഎസ് 365 ഡൗഫിൻ എൻ’ ഹെലികോപ്റ്ററിലാണ് പരിശോധന.

നക്സൽ മേഖലകളിലും തീരദേശത്തും സംസ്ഥാന അതിർത്തികളിലും ശബരിമലയിലും ഹെലികോപ്റ്റർ നിരീക്ഷണം നടത്തും. ഡിസംബർ 25, 26 തീയതികളിൽ ശബരിമലയിൽ ഹെലികോപ്റ്റർ നിരീക്ഷണമുണ്ടാകും. ലോ ആൻഡ് ഓർഡർ എഡിജിപിക്കും തിരുവനന്തപുരം റേഞ്ച് ഡിഐജിക്കും സൗത്ത് സോൺ ഡിഐജിക്കുമാണ് ചുമതല.

ഡിസംബർ 31ന് കോസ്റ്റൽ എഡിജിപിയുടെയും ഡിഐജിയുടെയും നേതൃത്വത്തിൽ തീരമേഖലയിൽ നിരീക്ഷണം നടത്തും.ജനുവരി 4നു റെയിൽവേ ലൈനുകളിൽ പരിശോധന. സെക്യൂരിറ്റി ഡിഐജിക്കും റെയിൽവേ എസ്പിക്കുമാണ് ചുമതല. ജനുവരി 9നു പാണ്ടിക്കാടും ജനുവരി 25നു വയനാടും നക്സൽ മേഖലകളിൽ പരിശോധന.

വയനാട് നടക്കുന്ന പരിശോധനയിൽ ഡിജിപിയും പങ്കെടുക്കും. ജനുവരി 13, 14 തീയതികളിൽ ശബരിമലയിലും 19നു കാസർകോട് അതിർത്തി പ്രദേശങ്ങളിലും നിരീക്ഷണം നടത്തും.‌