ഫാ.തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: സിസ്റ്റർ അഭയക്കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളെയും ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി ഫാ. തോമസ് എം കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മൂന്നാം പ്രതി സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്കുമാണ് മാറ്റിയത്. കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷമാണ് ഇരുവരെയും ജയിലിൽ എത്തിച്ചത്.

അഭയക്കേസിൽ ഫാ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമാണ് കോടതി വിധിച്ച ശിക്ഷ. തടവ് ശിക്ഷയ്ക്കൊപ്പം തോമസ് കോട്ടൂർ ആകെ ആറര ലക്ഷം രൂപയും സിസ്റ്റർ സെഫി അഞ്ചര ലക്ഷം രൂപയും പിഴ അടയ്ക്കണം.

കൊലക്കുറ്റത്തിന് ഫാ തോമസ് കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോൺവെന്റിൽ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം തടവും 50000 രൂപ പിഴയും കോടതി വിധിച്ചു. സിസ്റ്റർ സെഫിക്ക് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെളിവ് നശിപ്പിച്ച കുറ്റത്തിന് സിസ്റ്റർ സെഫിയും ഏഴ് വർഷം തടവ് അനുഭവിക്കണം. 50000 രൂപ പിഴയും അടയ്ക്കണം.