ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാതെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന്​ മെഹ്​ബൂബ മുഫ്​തി

ന്യൂഡെൽഹി: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാതെ തെരഞ്ഞെടുപ്പുകളിൽ മൽസരിക്കില്ലെന്ന്​ ജമ്മുകശ്​മീർ മുൻ മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെഹബൂബ മുഫ്തി സുപ്രധാനകാര്യം വ്യക്തമാക്കിയത്. ജമ്മുകശ്​മീർ പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ ഫലം ആത്​മവിശ്വാസം പകരുന്നതാണെന്നും അവർ പറഞ്ഞു.

ഒരു ചെകുത്താനുമായിട്ടാണ്​ എൻ്റെ പിതാവ്​ സഖ്യത്തിലേർപ്പെട്ടത്​. നരേന്ദ്രമോദിയുമായിട്ടല്ല താൻ സഖ്യത്തിലേർപ്പെട്ടത്​. കശ്​മീരിൻ്റെ നല്ല ഭാവിക്കായി ഇന്ത്യൻ പ്രധാനമന്ത്രിയുമായാണ്​ സഖ്യത്തിലേർപ്പെട്ടത്​. എല്ലാം ആവശ്യങ്ങളും അവർ അംഗീകരിച്ചതായിരുന്നു. എന്നാൽ, സർക്കാർ വീണപ്പോൾ അവർ വാഗ്​ദാനങ്ങളിൽ നിന്ന്​ പിന്നാക്കം പോയെന്നും മെഹ്​ബൂബ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിന്​ ശേഷമാവും മുഖ്യമന്ത്രി പദത്തെ കുറിച്ചുള്ള ചർച്ചകൾ നടത്തുക. താൻ മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിക്കില്ലെന്നും മെഹ്​ബൂബ കൂട്ടിച്ചേർത്തു. ആർട്ടിക്ക്​ൾ 370 പുനഃസ്ഥാപിക്കുന്നത്​ വരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഞങ്ങൾക്കിടയിൽ പല അഭിപ്രായ ഭിന്നതകളു​ണ്ടെങ്കിലും നല്ല ലക്ഷ്യത്തെ മുൻ നിർത്തി ഒരുമിച്ച്​ നിൽക്കുകയാണെന്ന്​ ജമ്മുകശ്​മീരിലെ രാഷ്​ട്രീയപാർട്ടികളുടെ സഖ്യത്തെ കുറിച്ച്​ മെഹ്​ബൂബ പറഞ്ഞു.

ജമ്മുകശ്​മീരിലെ ഡിഡിസി തെരഞ്ഞെടുപ്പിൽ ഗുപ്​കർ സഖ്യം വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. 20 ജില്ലകളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​.