ദീപാവലി ലക്ഷ്മി പൂജയ്ക്ക് ആംആദ്മി സർക്കാർ ചെലവിട്ടത് ആറുകോടി രൂപ

ന്യൂഡൽഹി: ദീപാവലി ലക്ഷ്മി പൂജയ്ക്കായി ഡൽഹിയിലെ ആംആദ്മി സർക്കാർ ചെലവിട്ടത് ആറ് കോടി രൂപയെന്ന് റിപ്പോർട്ട്.30 മിനിറ്റ് പരിപാടിക്കാണ് ഇത്രയും തുക ചെലവഴിച്ചതെന്നും മിനിറ്റിൽ 20 ലക്ഷം രൂപ ചെലവായെന്നുമാണ് റിപ്പോർട്ട്.

ഉയർന്ന മലിനീകരണ തോത് കണക്കിലെടുത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് ഡെൽഹി സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. പകരം ലക്ഷ്മി പൂജയിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

അക്ഷർധാം ക്ഷേത്രത്തിൽ കേജ്‌രിവാളും മന്ത്രിമാരും പങ്കെടുത്ത പരിപാടി തത്സമയം സംപ്രേഷണം ചെയ്തിരുന്നു. വിവരാവകാശ മറുപടിയെ ഉദ്ധരിച്ച് ആക്ടിവിസ്റ്റ് സാകേത് ഗോഖലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2020 നവംബർ 14ന് നടന്ന ലക്ഷ്മി പൂജയ്ക്കും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ തത്സമയ സംപ്രേഷണത്തിനുമായാണ് 6 കോടി രൂപ ചെലവിട്ടതെന്ന് ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്പോർട്ടേഷൻ ഡവലപ്‌മെന്റ് കോർപറേഷൻ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു. എന്നാൽ ആംആദ്മി സർക്കാർ ഇതിനോട് പ്രതികരിച്ചിട്ടില്ല.