സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു: സർക്കാരിന് വൻ തിരിച്ചടി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാൻ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചു. ഗവർണർ ഫയൽ മടക്കി. സർക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഫയൽ മടക്കിയത്.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവമായ സംഭവമാണിത്. നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട്, മറ്റ് ഒരു അവസരത്തിലും മന്ത്രിസഭയുടെ ശുപാർശ ഗവർണർ അനുവദിക്കാതിരുന്നിട്ടില്ല.

സർക്കാറിന്റെ പ്രമേയത്തിന്റെ ഉള്ളടക്കമാണ് പ്രശ്നമായി ഗവർണർ കാണുന്നത്. കേന്ദ്ര സർക്കാർ കാർഷിക മേഖലയിൽ കൊണ്ടുവന്ന നിയമങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതും ആ നിയമങ്ങൾ നിരാകരിക്കണമെന്നുമുള്ളതാണ് സർക്കാരിന്റെ പ്രമേയം. ആ പ്രമേയമാണ് പ്രതിപക്ഷവുമായി ചേർന്ന് പാസാക്കാൻ സർക്കാർ തീരുമാനിച്ചത്.

നേരത്തെ പ്രത്യേക സമ്മേളനം ചേരുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയിരുന്നു. പ്രമേയത്തിന്റെ ഉള്ളടക്കമെന്താണ്, ഇത് കേന്ദ്രവിരുദ്ധ സമീപനമല്ലേ എന്ന ആശങ്കയും സംശയവും പ്രകടിപ്പിച്ചുകൊണ്ടാണ് ഗവർണർ വിശദീകരണം തേടിയത്. അടിയന്തിര സാഹചര്യമാണ്, രാജ്യത്തെ ആകെ കർഷകരെ ബാധിക്കുന്ന പ്രശ്നമാണ്, കാർഷിക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു, ഒപ്പം ബില്ലിൽ വിശദമായ ചർച്ചകൾ നടക്കുന്നു എന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ സർക്കാരിന്റെ വിശദീകരണം ഗവർണർ അംഗീകരിക്കുന്നില്ല.

ജനുവരി എട്ടിന് ബജറ്റ് സമ്മേളനം ചേരുന്നുണ്ട്. അതിനുള്ള അനുമതി ഗവർണർ നൽകുകയും ചെയ്തിരുന്നു. അതിന് തൊട്ടടുത്ത ദിവസമാണ് അടിയന്തര പ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യാനുണ്ടെന്ന ശുപാർശയുമായി നിയമസഭാ സമ്മേളനത്തിന് സർക്കാർ അനുമതി തേടി ഗവർണറെ സമീപിക്കുന്നത്. കേന്ദ്ര സർക്കാർ നിയമം പാസാക്കി ഒരു മാസം കഴിഞ്ഞിട്ടും അടിയന്തര പ്രധാന്യമുള്ള വിഷയം സംസ്ഥാന മന്ത്രിസഭ പരിഗണിച്ചില്ലേയെന്നും ഇപ്പോൾ മാത്രം എങ്ങനെയാണ് അടിയന്തര സ്വഭാവം കൈവന്നതെന്നുമാണ് രാജ്ഭവൻ ഉന്നയിച്ച ചോദ്യം.

കാർഷക നിയമത്തിൽ അടിയന്തര സാഹചര്യം എന്ന് പറയുന്ന സർക്കാരിന് കുറച്ച് ദിവസംകൂടി കാത്തിരുന്ന് ജനുവരി 8ലെ ബജറ്റ് സമ്മേളനത്തിൽ ഇത് അവതരിപ്പിക്കാം എന്നാണ് ഗവർണറുടെ നിലപാട്. അടിയന്തര സാഹചര്യമുണ്ടായിരുന്നുവെങ്കിൽ ബജറ്റ് സമ്മേളനത്തിന് അനുമതി തേടുന്നതിന് മുമ്പ് പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി തേടാമായിരുന്നുവെന്നും അങ്ങനെയെങ്കിൽ അനുമതി നൽകുമായിരുവെന്നുമാണ് രാജ്ഭവന്റെ നിലപാട്. അതിനാൽ തന്നെ അടിയന്തര പ്രാധാന്യമല്ല, മറ്റെന്തോ ലക്ഷ്യമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.