തിരുവനന്തപുരം: പഞ്ചാബ് മാതൃകയിൽ കാർഷിക നിയമ ഭേദഗതിക്കെതിര ബദൽ നിയമ സാധ്യത തേടി കേരളം. കേന്ദ്ര നിയമ ഭേദഗതി തള്ളാൻ മറ്റന്നാൾ നിയമസഭ സമ്മേളനം ചേരും. നിയമസഭയുടെ പ്രത്യേകസമ്മേളനം ചേരാൻ ഗവർണറോട് ശുപാർശ ചെയ്യും. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
പഞ്ചാബ് മാതൃകയിൽ ബദൽ നിയമ സാധ്യതയാണ് കേരളം തേടുന്നത്. ഇതിനായി കൃഷി വകുപ്പ് ഉപസമിതിയെ നിയോഗിച്ചു. താങ്ങുവില നില നിർത്തികൊണ്ടാകും ബദൽ നിയമം. കാർഷിക നിയമ ഭേദഗതി തളളാൻ ബുധനാഴ്ചയാണ് നിയമസഭ ചേരുക. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും മാത്രമാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുക.
നിയമ ഭേദഗതി പ്രമേയം വഴി തളളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ട്. ഭരണ പ്രതിപക്ഷ അംഗങ്ങൾ ഭേദഗതിയ്ക്ക് എതിരാണ്. ബിജെപി പ്രതിനിധി ഒ രാജഗോപാൽ സമ്മേളനത്തിൽ സ്വീകരിക്കുന്ന നിലപാട് എന്താകും എന്നത് ശ്രദ്ധേയമാണ്.
രാജ്യതലസ്ഥാനത്ത് അലയടിക്കുന്ന കര്‍ഷക സമരത്തിന് ഒപ്പമാണ് കേരളത്തിന്‍റെ നിലപാട്. ഇതിന്റെ ഭാഗമായാണ് ഭരണ പ്രതിപക്ഷങ്ങൾ സംയുക്തമായി കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ തീരുമാനം എടുത്തിട്ടുള്ളത്.