ഇടുക്കി: നിശാപാർട്ടിക്കിടെ ലഹരിമരുന്ന് പിടികൂടിയ വാഗമണിലെ ക്ലിഫ് ഇൻ റിസോർട്ട് അടച്ചുപൂട്ടും. എസ്പിയുടെ റിപ്പോർട്ട് കിട്ടിയാൽ തുടർനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊറോണ മാനദണ്ഡം ലംഘിച്ച് പാർട്ടി നടത്തിയതിനെ തുടർന്നാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി റിസോർട്ട് സീൽ വച്ചിരിക്കുകയാണ്. കേസിൽ ഒൻപത് പ്രതികളുണ്ട്.
ഇന്നലെ രാത്രി റിസോട്ടിലെ നിശാപാർട്ടിക്കിടെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നിശാപാർട്ടി ലഹരിമരുന്ന് കേസിൽ യുവതിയുൾപ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളിൽ നിന്ന് എൽഎസ്ഡി, എംഡിഎംഎ തുടങ്ങിയ ലഹരിമരുന്നുകൾ പിടിച്ചെടുത്തു.
25 വനിതകളടക്കം 60 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ മൂന്ന് സംഘങ്ങളാക്കി തിരിച്ചാണ് ചോദ്യം ചെയ്യൽ. നാല് പേർ ചേർന്നാണ് നിശാപാർട്ടി സംഘടിപ്പിച്ചതെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പ്രതികൾ സഹായികളായ അഞ്ച് പേർക്ക് നിശാപാർട്ടിയുടെ വിവരം നൽകി. തുടർന്ന് സമൂഹ്യമാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ച് 60 പേരുടെ പാർട്ടി സംഘടിപ്പിക്കുകയായിരുന്നു. എന്നാൽ ജന്മദിനാഘോഷത്തിനായി റിസോട്ടിലെ മൂന്ന് മുറികൾ വാടയ്ക്ക് എടുക്കുകയായിരുന്നുവെന്നും ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും റിസോർട്ട് ഉടമ ഷാജി കുറ്റിക്കാട് പറഞ്ഞു.