കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത. മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുതെന്ന് സമസ്ത മുഖപത്രം സുപ്രഭാതം എഡിറ്റോറിയലില്‍ അഭിപ്രായപ്പെട്ടു. കേരളീയ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ പഠിച്ചപണി പതിനെട്ടും സംഘപരിവാര്‍ പയറ്റിയിട്ടും വിജയിക്കാത്ത ഇടത്ത് സിപിഎം ആ ചുമതല ഏറ്റെടുത്തിരിക്കുകയാണോ? എന്നും സുപ്രഭാതം മുഖപ്രസംഗം ചോദിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയതുതന്നെ മുസ്‌ലിം സമുദായത്തിന്റെ നെഞ്ചിലേക്ക് വര്‍ഗീയവിഷം പുരട്ടിയ അസ്ത്രം തൊടുത്തുകൊണ്ടായിരുന്നു. അതിന്റെ മധുരിക്കുന്ന ഫലമാണ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ അഭൂതപൂര്‍വമായ വിജയമെന്ന് സിപിഎം ധരിച്ചതിനാലാണോ കോടിയേരി താഴെവച്ച വിഷബാണം വീണ്ടും തൊടുത്തുവിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായത്.
പണ്ട് മാതൃഭൂമി പത്രാധിപരെ എടോ ഗോപാലകൃഷണായെന്നും ക്രിസ്ത്യന്‍ മതപുരോഹിതനെ നികൃഷ്ടജീവിയെന്നും ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രനെ പരനാറിയെന്നും വിശേഷിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയല്ല ഇന്ന് പിണറായി വിജയന്‍. ഇടയ്ക്കിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന കോടിയേരിയുടെയും കടകംപള്ളി സുരേന്ദ്രന്റെയും വിജയരാഘവന്റെയും നിലവാരമല്ല സംസ്ഥാന ഭരണത്തലവനില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്.
സംസ്ഥാന ജനസംഖ്യയില്‍ 27 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തെ അവഗണിച്ചുകൊണ്ട് കേരളത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും മുന്‍പോട്ടുപോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം.
യുഡിഎഫിന്റെ നിയന്ത്രണം മുസ്‌ലിം ലീഗ് ഏറ്റെടുക്കാന്‍ പോകുകയാണെന്നും കോണ്‍ഗ്രസില്‍ ആരാണ് നേതൃസ്ഥാനത്ത് വരേണ്ടതെന്ന് ലീഗാണ് തീരുമാനിക്കുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ താങ്ങായിനിന്ന ചിലരെ ആഹ്ലാദിപ്പിച്ചിരിക്കാം. കേരളം ഭരിക്കാന്‍പോകുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറുമാണെന്ന കോടിയേരിയുടെ വാക്കുകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെയും നാവില്‍നിന്ന് വീന്നത്.
മുസ്‌ലിം ലീഗിനെ മുന്നില്‍നിര്‍ത്തി സമുദായത്തെ മൊത്തത്തില്‍ വിമര്‍ശിക്കുമ്പോള്‍ ലീഗുകാരല്ലാത്ത മുസ്‌ലിംകളുടെയുംകൂടി നെഞ്ചിലാണ് അത് പതിക്കുന്നതെന്ന് സിപിഎം ഓര്‍ക്കണം.
സിപിഎമ്മിനെപ്പോലെ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയായ മുസ്‌ലിം ലീഗ് യുഡിഎഫ് തലപ്പത്ത് വരികയാണെങ്കില്‍ അതിലെന്താണിത്ര കുഴപ്പം? അതെങ്ങനെയാണ് മഹാ അപരാധമായിത്തീരുന്നത്? സിപിഎം പൊതുബോധത്തില്‍ രൂപപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മനോഘടനയുടെ ദുഃസൂചനയായി മാത്രമേ മുഖ്യമന്ത്രിയുടെ വാക്കുകളെ കാണാനാകൂ.
1982ല്‍ മുസ്‌ലിം ലീഗിലെ രണ്ട് വിഭാഗങ്ങളും ഒന്നിച്ചതിനുശേഷം 1987ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേപോലെ വര്‍ഗീയ കാര്‍ഡിറക്കി കളിച്ചവരാണ് സിപിഎം എന്നോര്‍ക്കണം.
പിണറായി വിജയനെ ലാവ്‌ലിന്‍ അഴിമതിയില്‍ കുറ്റവിമുക്തനാക്കിയതിന് എതിരെ സിബിഐ സുപ്രിംകോടതിയില്‍ നല്‍കിയ അപ്പീല്‍ ഇരുപതിലധികം തവണയായി മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്. ആ കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഭരണകൂടത്തില്‍ നിന്ന് സംഘ്പരിവാറിന് ആനുകൂല്യങ്ങള്‍ കിട്ടിയേക്കാം എന്നും മുഖപ്രസംഗം ആരോപിക്കുന്നു.