ജനകൂട്ടം മോദിയോടുള്ള സ്നേഹവും ദീദിയോടുള്ള ക്ഷോഭവുമാണ്, ബംഗാളിലെ റോഡ്‌ഷോയ്ക്കിടെ അമിത് ഷാ

കൊൽക്കത്ത: ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിൽ നടത്തുന്ന റോഡ് ഷോയിൽ വൻ ജനസാന്നിധ്യം. നിരവധി റോഡ്ഷോകൾക്ക് താൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു ജനക്കൂട്ടത്തെ ആദ്യമായി കാണുകയാണെന്ന് ബംഗാളിലെ ബോൾപൂരിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.

‘ഇത് നരേന്ദ്ര മോദിയോടുള്ള സ്നേഹവും വിശ്വാസവുമാണ്. നിരവധി റോഡ് ഷോകൾ ഞാൻ കണ്ടിട്ടുണ്ട്. പലതും ചെയ്തിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഈ അടുത്ത വർഷങ്ങളിൽ ഞാൻ കണ്ടിട്ടില്ലെന്ന് പറയാൻ ആഗ്രഹിക്കുന്നു. ഇത് മോദിയോടുള്ള നിങ്ങളുടെ സ്നേഹവും ദീദിയോടുള്ള നിങ്ങളുടെ ക്ഷോഭവുമാണ് പ്രതിഫലിപ്പിക്കുന്നത്’ – ഷാ പറഞ്ഞു.

ഒരു തവണ മോദിക്ക് അവസരം നൽകൂ, അഞ്ചു വർഷം കൊണ്ട് സുവർണ്ണ ബംഗാൾ സൃഷ്ടിച്ച് തരാമെന്നും അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.

മറ്റു ബിജെപി നേതാക്കൾക്കൊപ്പം ഒരു ബംഗാളി നാടോടി ഗായകന്റെ വീട്ടിലാണ് അമിത് ഷാ ഇന്ന് ഉച്ചഭക്ഷണം കഴിച്ചത്. ഉച്ചഭക്ഷണത്തിന് മുമ്പായി അദ്ദേഹം വിശ്വഭാരതി സർവകലാശാല വൈസ് ചാൻസിലർ ബിദ്യുത് ചക്രബർത്തിയുമായും മറ്റും കൂടിക്കാഴ്ച നടത്തി. സർവകലാശാലയിലെ സംഗീത ഭവനിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ബംഗാളിലെത്തിയത്. പ്രമുഖ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ശുഭേന്ദു അധികാരിയടക്കം 10 എംഎൽഎമാരും ഒരു എംപിയും അമിത് ഷാ ശനിയാഴ്ച പങ്കെടുത്ത റാലിയിൽ ബിജെപിയിൽ ചേർന്നിരുന്നു.

ബംഗാളിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ സന്ദർശനം. എല്ലാ മാസവും അമിത് ഷാ ബംഗാളിലെത്തുമെന്ന് പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. 2021 നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഒരു പക്ഷേ മാസത്തിൽ ഏഴു ദിവസം വരെ അമിത് ഷാ ബംഗാളിൽ തങ്ങിയേക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയത്.