ന്യൂഡെല്‍ഹി: യുഡിഎഫ് മോധാവിത്വം മുസ്ലിം ലീഗ് ഏറ്റെടുത്തെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഏറ്റെടുത്ത് ബിജെപി. മുസ്ലിം ലീഗിന് മേധാവിത്വമുളള മുന്നണിയാണ് യുഡിഎഫ് എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന ഫെയ്‌സ്ബുക്കില്‍ ഒതുങ്ങുമോ? ആത്മാര്‍ഥമെങ്കില്‍ സപ്തകക്ഷിപങ്കാളിത്തം മുഖ്യമന്ത്രി തളളിപ്പറയണമെന്നും വി മുരളീധരന്‍ പറഞ്ഞു. ലീഗ് ഈ സ്ഥിതിയില്‍ എത്തിയതിന് സിപിഎമ്മിനും ഉത്തരവാദിത്തമുണ്ട്. ലീഗിന്റെ വളര്‍ച്ചയില്‍ ബിജെപിക്ക് ആശങ്ക ഉണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പും അന്വേഷണം ഏജന്‍സികളും തമ്മില്‍ ബന്ധമില്ല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ജനങ്ങള്‍ പൂര്‍ണ്ണമായും നിരാകരിച്ചു എന്ന് പറയുന്നത് ശരിയല്ല. തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണ് ക്ലീന്‍ചിറ്റ് ലഭിച്ചെന്ന് പറയുന്നതെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഭരണത്തില്‍ നിന്ന് എല്‍ഡിഎഫ് ഇറങ്ങി പോകണമായിരുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് അനുകൂലമാണ്. മുസ്ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മിനെ പിന്തുണച്ചു. അതുകൊണ്ടാണ് അവര്‍ക്ക് പിടിച്ച് നില്‍ക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തേക്ക് ആര് വരണമെന്ന് തീരൂമാനിക്കുന്നത് മുസ്ലിം ലീഗ് ആണെന്നായിരുന്നു പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണ്. യുഡിഎഫില്‍ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ലെന്ന് പറഞ്ഞ് മുസ്ലിം ലീഗ് ഇതിനെതിരെ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിലവാരമില്ലാത്തതാണെന്നും പിണറായി വിജയന് അവസരങ്ങള്‍ക്ക് അനുസരിച്ച് ഭൂരിപക്ഷ കാര്‍ഡും ന്യൂനപക്ഷ കാര്‍ഡും കളിക്കുന്ന രീതിയാണ് എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.