ഒമ്പത് സിറ്റിംഗ് എംഎൽഎമാരെ റാഞ്ചി; ഇരുനൂറിലധികം സീറ്റുകൾ നേടി ബംഗാളിൽ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; മമതയെ വെല്ലുവിളിച്ച് അമിത് ഷാ

കൊൽക്കത്ത: മമതയെ ഒതുക്കി ബം​ഗാൾ പിടിക്കാൻ അമിത്ഷാ രം​ഗത്ത്. ഭരണം പിടിക്കുന്നതിന് മുന്നോടിയായി ഇരുനൂറിലധികം സീറ്റുകൾ നേടി പശ്ചിമബംഗാളിൽ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത്ഷാ വ്യക്തമാക്കി. തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ സിപിഎം, കോണ്‍ഗ്രസ് അംഗങ്ങൾ ഉൾപ്പടെ ഒമ്പത് സിറ്റിംഗ് എംഎൽഎമാരും ഒരു തൃണമൂൽ എംപിയും മുൻ എംപിയും അമിത്ഷാ നടത്തിയ മിഡ്നാപ്പൂരിലെ റാലിയിൽ ബിജെപിയിൽ ചേര്‍ന്നു.

റാലിയിൽ അമിത്ഷായിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ച സുവേന്ദു അധികാരി മമത ബാനര്‍ജി ബംഗാളിനെ തകര്‍ത്തുവെന്ന് ആരോപിച്ചു. സുവേന്ദു അധികാരിക്കൊപ്പം തൃണൂൽ എംപി സുനിൽ മണ്ഡൽ, സിപിഎമ്മിൽ നിന്ന് രാജിവെച്ച തഹസ്വി മണ്ഡലൽ, ഫോര്‍വേഡ് ബ്ളോക്ക് അംഗം, രണ്ട് കോണ്‍ഗ്രസ് എം.എൽഎമാർ ഉൾപ്പടെ അമ്പതോളം നേതാക്കളാണ് ബിജെപിയിൽ ചേര്‍ന്നത്.

കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുമ്പോൾ ഒരു കര്‍ഷക കുടുംബത്തിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചായിരുന്നു അമിത്ഷായുടെ മിഡ്നാപ്പൂര്‍ റാലി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തൃണമൂൽ കോണ്‍ഗ്രസിൽ മമത മാത്രമെ അവശേഷിക്കൂവെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.

2021ൽ ബംഗാൾ ഭരിക്കുക ബിജെപി മുഖ്യയായിരിക്കും. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ്, സിപിഎം, തൃണമൂൽ കോണ്‍ഗ്രസ് പാര്‍ടികളിലെ നല്ല നേതാക്കൾ ബിജെപിയിൽ എത്തിയിരിക്കുകയാണ്. ചെവി തുറന്ന് മമത കേൾക്കണം, ഇരുനൂറിലധികം സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ വരാൻ പോവുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.