തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരായ ആരോപങ്ങൾ പ്രതിരോധിച്ച് ഇടതുമുന്നണിക്ക് വിജയം സമ്മാനിച്ച പ്രചാരണ തന്ത്രങ്ങളിലൊന്നായ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടരാൻ തീരുമാനം. ഒപ്പം മുന്നണി പ്രചാരണയുധമാക്കിയ ക്ഷേമപെൻഷനുകളും അതതു മാസം വിതരണം ചെയ്യാനുമുള്ള നിർദേശങ്ങൾ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എളുപ്പത്തിൽ വിജയിച്ചു കയറാൻ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം സഹായിക്കുമെന്നാണ് പൊതുവിലയിരുത്തൽ. തമിഴ്നാട്ടിൽ മുമ്പ് ജയലളിതയും മറ്റും പയറ്റിയ തന്ത്രം ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ ഫലപ്രദമാണെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ഒപ്പം ഇപ്പോഴും സജീവചർച്ചാ വിഷയമായ അഴിമതി ആരോപണങ്ങൾക്ക് ജനങ്ങൾക്ക് മുന്നിൽ തടയിടാനും ഇതിലൂടെ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ട് കിറ്റ് വിതരണം തുടരാനുള്ള സൂചനകളാണ് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. കഴിഞ്ഞദിവസം സൂചിപ്പിച്ച നൂറുദിന കർമപദ്ധതികൾ അടുത്ത മന്ത്രിസഭാ യോഗം വിശദമായി ചർച്ചചെയ്ത് പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാലാണ് പ്രഖ്യാപനം മാറ്റിയത്. 23 വരെ പെരുമാറ്റച്ചട്ടമുണ്ട്. 24-ന് മന്ത്രിസഭായോഗം ചേരും. ചില ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും പരിഗണിക്കും.
തദ്ദേശ തിരഞ്ഞെടുപ്പു വിജയം മന്ത്രിസഭാ യോഗം വിലയിരുത്തി. സർക്കാരിന്റെ പദ്ധതികളെല്ലാം ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് ജനവിധിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ കൂട്ടായ്മയുടെ വിജയമാണിത്. ഏറ്റെടുത്ത പദ്ധതികളെല്ലാം വിജയകരമായി നടപ്പാക്കിയ മന്ത്രിമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.