നാണംകെട്ട തോൽവിയിലും അള്ളി പിടിച്ച് കോൺഗ്രസ് നേതൃത്വം ; വാർത്താസമ്മേളനങ്ങളല്ലാതെ കെപിസിസി എന്തുചെയ്തു? ; കെടുകാര്യസ്ഥത ഇടതുമുന്നണി നേട്ടമാക്കി; ചെളിവാരിയെറിഞ്ഞ് നേതാക്കൾ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ ചൊല്ലി കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ നേതൃത്വത്തിനുനേരെ കടുത്ത വിമർശനം. പലയിടങ്ങളിലും തോൽവിക്ക് ഉത്തരവാദികളായവർ മറ്റുള്ളവരുടെ മേൽ ചെളിവാരിയെറിഞ്ഞ് സ്വയം ന്യായീകരിച്ചു. കുത്തഴിഞ്ഞ സംഘടനാ സംവിധാനവും കാലഹരണപ്പെട്ട നേതൃത്വവുമാണ് കോണ്‍ഗ്രസിനുള്ളതെന്നും വിമര്‍ശനം ഉയര്‍ന്നു.

സംഘടനാപരമായ പാളിച്ചകളാണ് പരാജയത്തിന് കാരണമെന്നാണ് നേതാക്കൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. തോൽവി അംഗീകരിക്കാനുള്ള സുതാര്യതയാണ് സമിതിക്കുള്ളിൽ വേണ്ടതെന്ന് നേതാക്കൾ ആവശ്യമുന്നയിച്ചു.

വെൽഫെയർ പാർട്ടി ബന്ധം കാലാകാലങ്ങളായി യു ഡി എഫിന് ലഭിച്ച വോട്ടുകൾ നഷ്ടപെടാൻ ഇടയായെന്ന് ശക്തമായ എതിർപ്പുയർന്നു. ക്രിസ്ത്യൻ വോട്ടുകളിൽ മാറ്റുണ്ടായി. അത് ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം കൊണ്ടുമാത്രമല്ല. ന്യൂനപക്ഷ മേഖലകളിലും വോട്ട് ഗതിയിൽ മാറ്റമുണ്ടായതായാണ് വിലയിരുത്തൽ.

മധ്യകേരളത്തിലും മധ്യതിരുവിതാകൂറിലും കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും പരമ്പരാഗത വോട്ടില്‍ അതിശക്തമായ ചോര്‍ച്ചയുണ്ടായത് ഗുരുതരമാണ്. ന്യൂനപക്ഷ വോട്ടുകളാകട്ടെ ഇടതുപക്ഷവും കൈക്കലാക്കി. ഇത് തടയാനാകണം. ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. തിരുത്തൽ നടപടികൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് നടത്തണമെന്നും യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.

വി.ഡി. സതീശൻ, പി.സി. ചാക്കോ, കെ. മുരളീധരൻ, കെ. സുധാകരൻ, പി.ജെ. കുര്യൻ, ഷാനിമോൾ ഉസ്മാൻ, ബെന്നി ബഹനാൻ, പി.സി. വിഷ്ണുനാഥ് തുടങ്ങിയവരാണ് നേതൃത്വത്തെ കടന്നാക്രമിച്ചത്.

അരോചകമായ വാർത്താസമ്മേളനങ്ങളല്ലാതെ കെപിസിസി എന്തുചെയ്തുവെന്ന് നേതൃത്വത്തിനെതിരേ ഷാനിമോൾ ഉസ്മാൻ വിമർശനമുയർത്തി. നേതാക്കൾ പരസ്പരം പുകഴ്ത്തിക്കോളൂ എന്നാൽ പ്രവർത്തകർ അംഗീകരിക്കില്ല. ജനം ചോദ്യം ചെയ്യുന്ന സാഹചര്യം വന്നേക്കാമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

ഇത്തരത്തിലാണ് കോൺഗ്രസിന്റെ പ്രവർത്തനമെങ്കിൽ ആറ് മാസം കഴിയുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരാജയം ചർച്ച ചെയ്യാൻ ഇതുപോലെ യോഗം ചെയ്യാമെന്നാണ് വി.ഡി സതീശൻ പരിഹസിച്ചത്.

താഴെത്തട്ടുമുതൽ അഴിച്ചുപണി കൂടിയേതീരൂവെന്നു കെ. സുധാകരൻ പറഞ്ഞു. പ്രവർത്തിക്കാത്തവരെ മാറ്റണം. തിരഞ്ഞെടുപ്പുപ്രവർത്തനത്തിന്റെ പേരിൽ നടന്നത് ഗ്രൂപ്പുകളി മാത്രമാണെന്നു പിജെ. കുര്യൻ ആരോപിച്ചു. സ്ഥാനാർഥിനിർണയം പാളി എന്ന അഭിപ്രായം എല്ലാവരും പങ്കിട്ടു. എല്ലാ ദിവസവുംണ്
പത്രസമ്മേളനം നടത്തിയതുകൊണ്ട് വോട്ടുകിട്ടില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ പത്ത് പഞ്ചായത്തുകൾ കൂടുതൽ കിട്ടിയെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തിന് ‘അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പത്ത് സീറ്റ് കൂടുതൽ കിട്ടിയാൽ മതിയോ’ എന്നായിരുന്നു തിരുവനന്തപുരത്തെ പ്രചാരണത്തിൻ്റെ ചുക്കാൻ പിടിച്ച് പാർട്ടിയെ തോൽവിയിലേക്ക് നയിച്ച പിസി വിഷ്ണുനാഥിന്റെ പ്രതികരണം.ബിജെപിയും സിപിഎമ്മും സാമൂഹികമാധ്യമങ്ങളെ മികച്ചരീതിയിൽ ഉപയോഗപ്പെടുത്തിയപ്പോൾ കോൺഗ്രസ് എന്തുചെയ്തുവെന്ന് വിഷ്ണുനാഥ് ചോദിച്ചു.

സ്ഥാനാർഥികളെ സാമ്പത്തികമായും സഹായിക്കാൻ കഴിഞ്ഞില്ലെന്നും വിമർശനമുയർന്നു. കെപിസിസി ഭാരവാഹികൾക്ക് ചുമതല നൽകാത്തതും വിമർശനവിധേയമായി.

ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിലേക്കും ഭൂരിപക്ഷ വോട്ടുകൾ ബിജെപിയിലേക്കും പോവുന്നത് തടയണം. മറ്റന്നാൾ ജില്ലയുടെ ചുമതലയുള്ള ജനറൽസെക്രട്ടറിമാർ ഓരോ ജില്ലയിലെയും റിപ്പോർട്ടുനൽകണം. തോൽവി വിലയിരുത്താൻ നേതാക്കൾ നേരിട്ടുപങ്കെടുക്കുന്ന രണ്ടുദിവസത്തെ രാഷ്ട്രീയകാര്യസമിതിയോഗം വിളിക്കും. 140 നിയോജക മണ്ഡലങ്ങളിലും കെപിസിസി സെക്രട്ടറിമാർക്ക് ചുമതല നൽകാനും തീരുമാനമുണ്ട്.

അതേസമയം രാഷ്ട്രിയകാര്യ സമിതിയിലെ വിമർശനങ്ങൾ സ്വാഭാവികമാണെന്ന് കെപിസിസി നേതാവ് കെ മുരളീധരൻ പ്രതികരിച്ചു. വിമർശനങ്ങളാണ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നത്. പാർട്ടിയിലെ പരാജയ കാര്യങ്ങൾ അടുത്ത രാഷ്ട്രീയ കാര്യ സമിതിയിൽ വിശദമായി ചർച്ച ചെയ്യും. അതിനു ശേഷം ഭാവി പരിപാടികൾ നിശ്ചയിക്കും. എല്ലാം നല്ല രീതിയിൽ തന്നെ അവസാനിക്കും. തനിക്കെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.