മമതയുടെ വിശ്വസ്തൻ സുവേന്ദു അധികാരി പാർട്ടി വിട്ടു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും മമതയുടെ വിശ്വസ്തനുമായിരുന്ന സുവേന്ദു അധികാരി പാർട്ടി വിട്ടു. അദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമായി. ഏറെനാളായി അധികാരി പാർട്ടി യോഗങ്ങളിലോ സർക്കാർ പരിപാടികളിലോ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രി മമതാ ബാനർജി ബന്ധുക്കളെ പാർട്ടിയിൽ ഉന്നത പദവിയിലിരുത്തുന്നുവെന്നാരോപിച്ചാണ് സുവേന്ദു കലഹം തുടങ്ങിയത്. ഈ ആഴ്ച അവസാനം അമിത് ഷാ സംസ്ഥാനം സന്ദർശിക്കുമ്പോൾ സുവേന്ദു ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്.

നേരത്തെ മന്ത്രി സ്ഥാനം രാജിവെച്ച സുവേന്ദു വ്യാഴാഴ്ചയാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. സുവേന്ദു അധികാരിയെ പാർട്ടിയിൽ നിലനിർത്താൻ തൃണമൂൽ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം സുവേന്ദു അധികാരിക്കെതിരെ മമതാ ബാനർജിയും രംഗത്തെത്തിയിരുന്നു. 10 വർഷമായി പാർട്ടിയുടെയും സർക്കാറിന്റെയും എല്ലാ ആനുകൂല്യവും ലഭിച്ചവർ ഇപ്പോൾ പാർട്ടിയെ അപകീർത്തിപ്പെടുത്തുകയാണെന്നും ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നുമാണ് മമത പറഞ്ഞത്.

നേരത്തെ മമതയുടെ വിശ്വസ്തനായ മുകുൾ റോയിയും പാർട്ടി വിട്ട് ബിജെപിയിലെത്തിയിരുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് സുവേന്ദു അധികാരി. സുവേന്ദു അധികാരിയെ പാർട്ടിയിലെത്തിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. തൃണമൂൽ വിമത നേതാക്കളായ ജിതേന്ദ്ര തിവാരി, സുനിൽ മൊണ്ഡാൽ എന്നിവരെയും സുവേന്ദു സന്ദർശിച്ചിരുന്നു. ഇവരും പാർട്ടിവിട്ടേക്കുമെന്ന സൂചന ശക്തമാണ്.