കിഴക്കമ്പലത്തിനു പുറമേ മഴുവന്നൂർ, കുന്നത്തുനാട് ,ഐക്കരനാട് പഞ്ചായത്തുകളിലും ട്വന്റി20 നേടി

കൊച്ചി: കിഴക്കമ്പലത്തിനു പുറമെ, ഇത്തവണ സാന്നിധ്യമറിയിച്ച സമീപ പഞ്ചായത്തുകളിലും വൻ നേട്ടമുണ്ടാക്കി ജനകീയ കൂട്ടായ്മയായ ട്വന്റി20. മഴുവന്നൂർ, കുന്നത്തുനാട് ,ഐക്കരനാട് പഞ്ചായത്തുകളിലും ട്വന്റി20 വൻ നേട്ടമുണ്ടാക്കി. 2015ല്‍ മൂന്നു മുന്നണികളെയും അട്ടിമറിച്ച് പഞ്ചായത്ത് പിടിച്ച ട്വന്‍റി20, ഇത്തവണയും കിഴക്കമ്പലത്ത് ഭരണം നിലനിർത്തി. കോഴഞ്ചേരി ജില്ലാ പഞ്ചായത്തിലും ട്വന്‍റി20 വിജയിച്ചു.

ഇതിനിടെ ആദ്യമായി മത്സരിച്ച ഐക്കരനാട് ഗ്രാമപഞ്ചായത്തിൽ ട്വന്റി20 കൂട്ടായ്മ പ്രതിപക്ഷമില്ലാതെ ഭരിക്കും. ഇവിടുത്തെ 14 വാർഡുകളിലും ട്വന്റി20 സ്ഥാനാർഥികൾ വിജയിച്ചു.

കിഴക്കമ്പലത്ത് വാർഡുകളിൽ വോട്ടെണ്ണിത്തീർന്ന വാർഡുകളിൽ ട്വന്റി20 സ്ഥാനാർഥികൾ ജയിച്ചു. വോട്ടെടുപ്പു ദിനത്തിൽ കിഴക്കമ്പലത്ത് വോട്ടു ചെയ്യാനെത്തിയ വയനാട് സ്വദേശി പ്രിന്റുവിനും ഭാര്യയ്ക്കും മർദനമേറ്റതിലൂടെ മാധ്യമശ്രദ്ധ നേടിയ കിഴക്കമ്പലം ഏഴാം വാർഡിലും ട്വന്റി20 ജയിച്ചു. യുഡിഎഫ്–എൽഡിഎഫ് സംയുക്ത സ്ഥാനാർഥിയായ അമ്മിണി രാഘവനാണ് ഇവിടെ പരാജയപ്പെട്ടത്.

ഐക്കരനാടിനു പുറമെ ട്വന്റി20 ആദ്യമായി മത്സരരംഗത്തെത്തിയ മഴുവന്നൂർ പഞ്ചായത്തിലെ 19 വാർഡുകളിൽ വോട്ടെണ്ണൽ പൂർത്തിയായ എട്ടെണ്ണത്തിൽ ആറിടത്തും ട്വന്റി20 സ്ഥാനാർഥികൾ വിജയിച്ചു. കുന്നത്തുനാട് പഞ്ചായത്തിലെ 18 വാർഡുകളിലെ ഏഴെണ്ണത്തിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആറിടത്തും ട്വന്റി20ക്കാണ് ജയം. ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്നിടത്തും ട്വന്റി20 സ്ഥാനാർഥികൾക്ക് ലീഡുണ്ട്.

വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി20 സ്ഥാനാർഥി ലീഡ് ചെയ്യുന്നു. കിഴക്കമ്പലം പഞ്ചായത്തിൽ 2015ൽ നേടിയ വിജയഗാഥയുമായി ട്വന്റി20 ഇത്തവണ നാല് പഞ്ചായത്തുകളിലാണ് മത്സര രംഗത്തുണ്ടായിരുന്നത്. 2015ൽ കിഴക്കമ്പലത്തു 19ൽ 17 സീറ്റും പിടിച്ചെടുത്ത ട്വന്റി20 ഇത്തവണ മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളിലും സ്ഥാനാർഥികളെ രംഗത്തിറക്കി.

ഇതിനു പുറമെ ബ്ലോക്ക് പഞ്ചായത്തുകളിലും കരുത്തു പരീക്ഷിക്കുന്നുണ്ട്. ട്വന്‍റി20യെ വീഴ്ത്താന്‍ മൂന്നു മുന്നണികളും കിഴക്കമ്പലത്ത് അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നെങ്കിലും, അത് ഫലം കണ്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ വോട്ടും സീറ്റും ഉറപ്പിച്ചാണ് ഇത്തവണ ട്വന്‍റി20 കളത്തിൽ ഇറങ്ങിയത്. വളരെ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സംഘടന പ്രചാരണ രംഗത്ത് സജീവമായിരുന്നു.

2015ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഇതുവരെ കാണാത്ത രാഷ്ട്രീയ മാതൃകയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു കിഴക്കമ്പലം പഞ്ചായത്തിലെ വോട്ടര്‍മാര്‍. വികസന മുദ്രാവാക്യവുമായെത്തിയ ജനകീയ കൂട്ടായ്മ ട്വന്‍റി20ക്ക് പിന്നില്‍ വോട്ടര്‍മാര്‍ അണിനിരന്നപ്പോള്‍ 19ല്‍ 17 സീറ്റും നേടി അവര്‍ പഞ്ചായത്ത് ഭരണം പിടിച്ചു.

രാഷ്ട്രീയ കേരളത്തിന് അത്ര പരിചയമില്ലാത്തൊരു രാഷ്ട്രീയ മാതൃകയായിരുന്നു 2015ൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ ട്വന്റി20 എന്ന സംഘടന പിടിച്ചെടുത്തതോടെ കേരളം കണ്ടത്. ഒരു രാഷ്ട്രീയ മുന്നണികളുടെയും പിന്തുണയില്ലാതെ ട്വന്റി ട്വന്റി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്തിലെ 19ൽ 17 സീറ്റുകളും പിടിച്ച് അധികാരത്തിലേറി. കിറ്റക്സ് എന്ന കോർപ്പറേറ്റ് സ്ഥാപന ഉടമകളുടെ നേതൃത്വത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റിയാണ് ട്വന്റി20.

ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി 2015-ലാണ് ട്വിന്റി ട്വന്റി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു കാലെടുത്തുവച്ചത്. കോർപ്പറേറ്റുകൾ രാഷ്ട്രീയാധികാരം പിടിക്കുന്നത് സ്വേച്ഛാധിപത്യത്തിലേയ്ക്കു നയിക്കുമെന്ന് ഒരുഭാഗത്ത് വിമർശനം ഉയരുമ്പോഴാണ് ട്വന്റി20 കിഴക്കമ്പലം പഞ്ചായത്തിൽ വ്യത്യസ്തമായ ഭരണം കാഴ്ചവച്ചത്.

തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങൾക്ക് സർക്കാർ നൽകുന്ന ഓണറേറിയത്തിനു പുറമേ 15,000 രൂപ ശമ്പളമായി നൽകി. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും യഥാക്രമം 25,000 രൂപയും 20,000 രൂപയും ശമ്പളം. കുറഞ്ഞ വിലയ്ക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന സൂപ്പർമാർക്കറ്റ് കൂടി അവതരിപ്പിച്ചതോടെ സംസ്ഥാനമൊട്ടാകെ പരീക്ഷിക്കപ്പെടേണ്ട മാതൃകയാണെന്ന് പലരും ചൂണ്ടിക്കാട്ടി.

ഇതിനിടെ പഞ്ചായത്തിന്റെ നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കാനാവില്ലെന്നു കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചതും വാർത്തയായി. കോർപ്പറേറ്റുകൾ രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നത് ദോഷമാകുന്നത് ജനാധിപത്യത്തിന് ഗുണമാണോ ദോഷമാണോ എന്ന ചർച്ച ഇതിനിടെ ശക്തമായി. വിമർശനങ്ങൾ കൂടിയപ്പോഴും ജനസേവന പ്രവർത്തനങ്ങളുമായി ട്വന്റി20 മുന്നോട്ടു പോയി. ഈ പ്രവർത്തനങ്ങളെ സമീപ പഞ്ചായത്തുകളിലെ ജനങ്ങളും അംഗീകരിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് വ്യക്തം.