കൊറോണയും തെരഞ്ഞെടുപ്പും അവഗണിച്ച് അവധി; ആരോഗ്യവകുപ്പിൽ 380 ഡോക്ടര്‍മാരടക്കം നാനൂറിലധികം പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കൊറോണയുടേയും തെരഞ്ഞെടുപ്പിന്റേയും തിരക്കുകളെ അവഗണിച്ച് അവധിയെടുത്ത ജീവനക്കാരെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടു. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരേയും മറ്റ് ജീവനക്കാരേയുമാണ് പിരിച്ചുവിട്ടത്. 380 ഡോക്ടര്‍മാരടക്കം നാനൂറിലധികം പേരെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

സര്‍വ്വീസ് ചട്ടം 15 ലംഘിച്ചവരെയാണ് പിരിച്ചുവിട്ടത്. കാരണം കാണിക്കല്‍ നോട്ടീസും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് നടപടി. ചൊവ്വാഴ്ചയാണ് എല്ലാവര്‍ക്കും ഉത്തരവ് നല്‍കിയത്. സര്‍വ്വീസ് ക്വാട്ടയില്‍ ഉപരിപഠനം നടത്തിയിട്ടുള്ളവരില്‍ നിന്ന് ബോണ്ട് തുക തിരിച്ചുപിടിച്ചാണ് നടപടി പൂര്‍ത്തിയാക്കിയത്.

റവന്യൂ റിക്കവറിക്കും നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തെ ഇടവേളയ്ക്കിടയിലും രണ്ടു തവണ അവസരം നല്‍കിയിട്ടും തിരികെ എത്താത്ത ജീവനക്കാരെയാണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.