കൊല്ലം: യുഡിഎഫും എല്‍ഡിഎഫും ശക്തമായ പ്രചാരണവുമായി രംഗത്തിറങ്ങിയതോടെ കൊല്ലത്ത് ‘കൊറോണ’ കോർപറേഷന്റെ പടിക്ക് പുറത്തായി.
കൊല്ലം കോർപറേഷൻ, മതിലില്‍ ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കൊറോണ തോമസാണ് വാർഡിൽ മൂന്നാം സ്ഥാനത്തായത്. ഇവിടെ വോട്ടുകൾക്ക് 121 വോട്ടുകൾക്ക് ആർഎസ്പിയിലെ ടെൽസ തോമസാണ് വിജയിച്ചത്. സിപിഎമ്മിലെ അനീറ്റ വിജയൻ രണ്ടാമതെത്തി.
2015ലെ തെരഞ്ഞെടുപ്പില്‍ 1307 വോട്ട് നേടി യുഡിഎഫിലെ ആര്‍എസ്പി വിജയിച്ച മതിലില്‍ ഡിവിഷനില്‍ 945 വോട്ട് നേടി ബി.ജെ.പി രണ്ടാമതെത്തിയിരുന്നു.
സാക്ഷാല്‍ കൊറോണയെ അതിജീവിച്ചയാളുമാണ് ഈ കൊറോണ. കൊറോണ ബാധിച്ച്, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഒക്ടോബറില്‍ മകള്‍ അര്‍പ്പിതക്ക് ജന്മം നല്കിയതും. പേരിലെ വ്യത്യസ്തതയും ഭര്‍ത്താവ് ജിനു സുരേഷ് ആർഎസ് എസ് മുൻ മണ്ഡലം കാര്യവാഹായിരുന്നു എന്നതും സ്ഥാനാര്‍ഥി നിർണയത്തില്‍ പങ്കുവഹിച്ചു.
പ്രചാരണത്തിനിടെ ‘കൊറോണയെ വിജയിപ്പിക്കുക’ എന്ന ചുമരെഴുത്ത് കണ്ട മതിലില്‍ നിവാസികള്‍ ആദ്യമൊന്നു ഞെട്ടിയിരുന്നു പിന്നീടാണ് നാട്ടുകാർക്ക് കാര്യം മനസ്സിലായത്. എന്‍.ഡി.എ സ്ഥാനാര്‍ഥി കൊറോണ തോമസിന് വേണ്ടിയാണ് ഈ ചുമരെഴുത്തെന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്.
മതിലില്‍ കാട്ടുവിളയില്‍ തോമസിൻ്റെയും ഷീബയുടെയും മകളാണ് കൊറോണ തോമസ്. ഇരട്ടക്കുട്ടികളിൽ മകൾക്ക് കൊറോണ എന്നും മകന് കോറല്‍ തോമെസന്നുമാണ് പേരിട്ടത്. കൊറോണ മത്സരരംഗത്തെത്തിയതോടെ മതിലില്‍ ഡിവിഷന് സംസ്ഥാനത്തെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.