തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞുള്ളത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്.
തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലില്‍ 2013 ജൂണ്‍ 17ന് നടന്ന യോഗത്തില്‍ ഗൂഡാലോചന നടത്തിയെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. മുന്‍കൂര്‍ പണം അനുവദിച്ചത് നിയമവിരുദ്ധമായാണെന്നും അതിന് കരാറില്‍ വ്യവസ്ഥയില്ലെന്നും നിയമവകുപ്പിന്റെ അഭിപ്രായം തേടിയില്ലെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചിരുന്നു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ അഞ്ചാം പ്രതിയാണ് മുൻ പൊതുമരാമത്ത് മന്ത്രിയായ ഇബ്രാഹിം കുഞ്ഞ്. കേസിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചത് മുതൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.