പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; സരിതയടക്കം മൂന്നു പേർക്കെതിരേ കേസ്

തിരുവനന്തപുരം : പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ സരിത എസ് നായര്‍ അടക്കം മൂന്നു പേരുടെ പേരില്‍ പൊലീസ് കേസെടുത്തു. ബിവറേജസ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന3ണ് പരാതി. ഓലത്താന്നി സ്വദേശി അരുണാണ് പരാതിക്കാരന്‍.

കുന്നത്തുകാല്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് കേസിലെ ഒന്നാം പ്രതി. ബെവ്‌കോയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പലപ്പോഴായി പണം തട്ടിയെടുത്തെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതി രതീഷാണ് പണം വാങ്ങിയതെന്നാണ് പരാതി.

കേസിലെ രണ്ടാം പ്രതിയാണ് സരിത. മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ഷാജു പാലിയോടാണ് മൂന്നാം പ്രതി. അരുണിന് ബെവ്‌കോയില്‍ ജോലി നല്‍കാമെന്ന ഉറപ്പിലാണ് പണം പലപ്പോഴായി നല്‍കിയത്. പണം നല്‍കിയതിനുശേഷം വ്യാജ നിയമന ഉത്തരവും നല്‍കി.

ജോലിക്ക് പ്രവേശിക്കാനെത്തുമ്പോഴാണ് രേഖ വ്യാജമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് അരുണ്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ രതീഷ് വാങ്ങി. ഒരു ലക്ഷം രൂപയാണ് സരിതാ നായര്‍ക്ക് നല്‍കിയത്. സരിതയുടെ തിരുനെല്‍വേലി മഹേന്ദ്രഗിരിയിലെ എസ്ബിഐയിലെ അക്കൗണ്ട് നമ്പരിലാണ് പണം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്.