ജയിലുകളിൽ ഇനി മുഴുവൻസമയം പാട്ടുകേൾക്കാം; പരിധിയില്ലാതെ കുടുംബാംഗങ്ങളെയും വിളിക്കാം

തിരുവനന്തപുരം: ജയിലുകളിൽ ഇനി രാവിലെ ആറുമുതൽ രാത്രി എട്ടുവരെ തടവുകാരെ എഫ്എംറേഡിയോ കേൾപ്പിക്കണമെന്നാണ് ജയിൽ ഡിജിപിയുടെ നിർദേശം. തടവുകാരുടെ ആത്മഹത്യ തടയാനുള്ള നടപടികളുടെ ഭാഗമായാണിത്.

മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ഉല്ലാസം തോന്നുന്നതിനുമുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. സന്നദ്ധസംഘടനകളുടെ സഹായത്തോടെ മാസികകൾ വാങ്ങി വിതരണം ചെയ്യണം.

വ്യായാമം നിർബന്ധമാക്കുകയും അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളുന്നത് ഉറപ്പാക്കുകയും ചെയ്യും. കുടുംബാംഗങ്ങളുടെ ഫോൺ നമ്പരിലേക്ക് എണ്ണംനോക്കാതെ വിളിക്കുന്നതിന് അനുവദിക്കും. വിമുഖതകാട്ടുന്നവരെ ഫോൺവിളിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നു.

ആഴ്ചയിലൊരിക്കൽ കൗൺസലിങ്‌ ക്ലാസ് നടത്തും. ഇതിനായി സന്നദ്ധസംഘടനകളുമായി ആലോചിച്ച് പാനൽ ഉണ്ടാക്കണം. തടവുകാരുമായി സാധാരണവേഷത്തിൽ ഇടപഴകാനും അവരുടെ സുഖവിവരങ്ങൾ ചോദിച്ചറിയാനുമായി ഒരു അസിസ്റ്റൻറ് പ്രിസൺ ഓഫീസറെ നിയോഗിക്കണം. ജയിലുകളിൽ വെൽഫെയർ ഓഫീസർമാരുടെ സന്ദർശനം ഉറപ്പുവരുത്താനും നിർദേശിച്ചിട്ടുണ്ട്.

ജയിലുകളിലെ ആത്മഹത്യശ്രമത്തെ തടയുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചില നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ജയിലിലെ പൊതുധാരയിൽ അംഗമാകാനും പിന്നീട് സമൂഹത്തിലേക്ക് മടങ്ങിച്ചെല്ലാനാകുംവിധം തടവുകാർക്ക് തുടർച്ചയായി മാനസികാരോഗ്യ പരിപാലനം നൽകണമെന്നതായിരുന്നു പ്രധാനം. ഇതിന്റെ അടിസ്ഥാനത്തിൽ തടവുകാർക്ക് മാനസികപിന്തുണയും ആശ്വാസവും പകരുന്ന ബന്ധം വളർത്തിയെടുക്കാൻ ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്.

എല്ലാ തടവുകാർക്കും തൊഴിൽ, വിദ്യാഭ്യാസം, കഴിവുതെളിയിക്കുന്ന പരിപാടികൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കണം. മാനസികാരോഗ്യചികിത്സ ആവശ്യമുള്ളവർക്ക് ലഭ്യമാക്കണം.

ദീർഘകാല ശിക്ഷയുടെ ആഘാതം, പരോൾ നിഷേധിക്കപ്പെട്ടത്, ഏകാന്തതടവ്, രോഗാവസ്ഥ, മാനസികമായ പ്രശ്നങ്ങൾ തുടങ്ങിയവയാണ് ആത്മഹത്യയിലേക്കു നയിക്കുന്നതെന്നായിരുന്നു കണ്ടെത്തൽ. പുറത്തുള്ളവരുടെ കത്തുകളോ സന്ദർശനമോ ഇല്ലാത്തതും മാനസികപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് സൂചിപ്പിച്ചിരുന്നു.