ജോലി തട്ടിപ്പ്; എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും സരിതയെ പ്രതിചേർക്കാൻ വൈകി; പിന്നിൽ ഉന്നതരാഷ്ട്രീയ ഇടപെടൽ

തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ നവംബർ എട്ടിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും സരിത എസ് നായരെ പ്രതിചേർത്തത് കഴിഞ്ഞദിവസം. കേസിൽ പരാതിക്കാരുടെ മൊഴി എടുക്കുന്നതും പോലീസ് വൈകിപ്പിച്ചു.

ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് പോലീസ് നടപടികൾ വൈകിയതെന്നാണ് ആരോപണം. അതിനിടെ, പരാതി ഒത്തുതീർപ്പാക്കാൻ സരിത ഇടപെട്ടെന്ന് കേസിലെ മറ്റൊരു പ്രതിയായ ഷാജു പാലിയോട് പ്രതികരിച്ചു.

ബെവ്കോ, കെ.ടി.ഡി.സി. എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവുകൾ നൽകി കബളിപ്പിച്ചതിനാണ് സരിത അടക്കം മൂന്ന് പേർക്കെതിരേ നെയ്യാറ്റിൻകര പോലീസ് കേസെടുത്തത്. കുന്നത്തുകാൽ പഞ്ചായത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി രതീഷാണ് കേസിലെ ഒന്നാം പ്രതി. സരിത എസ്. നായർ രണ്ടാം പ്രതിയും പൊതുപ്രവർത്തകൻ ഷാജു പാലിയോട് മൂന്നാം പ്രതിയുമാണ്.

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് ഇവർ തട്ടിയെടുത്തത്. ശേഷം കെ.ടി.ഡി.സി.യുടെയും ബെവ്കോയുടെയും പേരിൽ വ്യാജ നിയമന ഉത്തരവുകളും നൽകി. ഈ ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി യുവാക്കൾക്ക് മനസിലായത്.

ഓലത്താന്നി സ്വദേശി അരുണിന് ബെവ്കോയിൽ ജോലി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപയാണ് രതീഷ് കൈപ്പറ്റിയത്. രണ്ടാം പ്രതിയായ സരിത എസ്. നായർക്ക് ഒരു ലക്ഷം രൂപയും നൽകി. സരിതയുടെ പേരിലുള്ള തിരുനെൽവേലി മഹേന്ദ്രഗിരി എസ്.ബി.ഐ. ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ഈ അക്കൗണ്ട് സരിത എസ്. നായരുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കൂടുതൽപേർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്നും സൂചനയുണ്ട്.