സാഹിത്യകാരൻ യു.എ. ഖാദർ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.എ. ഖാദർ അന്തരിച്ചു. 85 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു. ഭാര്യ: ഫാത്തിമ ബീവി. ഫിറോസ്​, കബീർ, അദീപ്​, സറീന, സുലൈഖ എന്നിവരാണ്​ മക്കൾ.

കേരള സാഹിത്യ അക്കാദമി ചെയർമാൻ, പുരോഗമന കലാ സാഹിത്യസംഘം സംസ്​ഥാന പ്രസിഡന്റ്​, കേരള ഭാഷ ഇൻസ്​റ്റിറ്റ്യൂട്ട്​ ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​. നാല്​ തവണ സംസ്​ഥാന ചലച്ചിത്ര അവാർഡ്​ ജൂറി അംഗമായിരുന്നു. മംഗളം ദിനപത്രത്തിന്റെ മലബാർ എഡിഷനിൽ റസിഡന്റ്​ എഡിറ്ററുമായിരുന്നു.

ബർമയിൽ വഴിയോര കച്ചവടത്തിനു പോയ കെയിലാണ്ടി ഉസ്സങ്ങാന്റകത്ത്​ മൊയ്​തീൻ കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിൻ ഗ്രാമത്തിലായിരുന്നു യു.എ ഖാദർ ജനിച്ചത്​. മൂന്നാം നാൾ വസൂരി ബാധിച്ചു മാതാവ്​ മരണപ്പെട്ടു. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയിൽ ബർമ വിട്ട്​ ഏഴാം വയസ്സിൽ കേരളത്തിലേക്ക്​ പിതാവിനൊപ്പം വന്ന ഖാദറിന്​ മലയാളമറിയില്ലായിരുന്നു. 1953 ൽ കൊയിലാണ്ടി ഗവ. ഹൈസ്​കൂളിൽ നിന്ന്​ പത്താം ക്ലാസ്​ പാസായി.

ചിത്രകലയോടായിരുന്നു ആദ്യം താൽപര്യം. തുടർന്ന്​ മദ്രാസ്​ കോളജ്​ ഓഫ്​ ആർട്ട്​സിൽ ചിത്രകല പഠിച്ചു. മദിരാശിക്കാലത്ത്​ കേരള സമാജം സാഹിതീ സഖ്യവുമായി പുലർത്തിയ അടുപ്പം എഴുത്തിന്​ പ്രോത്സാഹനമായി.1956ൽ നിലമ്പൂരിലെ മരക്കമ്പനിയിൽ ഗുമസ്​തനായി. 1957ൽ ദേശാഭിമാനി ദിനപത്രത്തിന്റെ ‘പ്രപഞ്ചം’ വാരികയിൽ സഹപത്രാധിപരായി. ആകാശവാണി കോഴിക്കോട്​ നിലയത്തിലും ​പ്രവർത്തിച്ചു. പിന്നീട്​ സംസ്​ഥാന ആരോഗ്യവകുപ്പിൽ ജീവനക്കാരനായി.

കോഴിക്കോട്​ മെഡിക്കൽ കോളജ്​ ഐ.എം.സി.എച്ചിലും ഗവ. ജനറൽ ആശുപത്രിയിലും ജോലി ചെയ്​തു. 1990ൽ സർക്കാർ സർവിസിൽ നിന്നും വിരമിച്ചു.

നോവലുകളും കഥാസമാഹാരങ്ങളും ലേഖനങ്ങളുമായി അമ്പതിലേറെ കൃതികൾ രചിച്ചു. തൃക്കോട്ടൂർ പെരുമ, അഘോരശിവം, തൃക്കോട്ടൂർ കഥകൾ, കൃഷ്ണമണിയിലെ തീനാളം, വള്ളൂരമ്മ, കലശം, ചങ്ങല, മാണിക്യം വിഴുങ്ങിയ കാണാരൻ, ഭഗവതി ചൂട്ട് തുടങ്ങിയവ പ്രധാന കൃതികൾ.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2009), കേരള സാഹിത്യ അക്കാദമി അവാർഡ്​ (1984, 2002), എസ്​.കെ. പൊറ്റെക്കാട്​ അവാർഡ് (1993)​, മലയാറ്റൂർ അവാർഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാർഡ്, അബുദാബി ശക്തി അവാർഡ്, മാതൃഭൂമി സാഹിത്യ പുരസ്​കാരം തുടങ്ങി നിരവധി പുരസ്​കാരങ്ങൾക്ക്​ അർഹനായി.