പൊന്നാനി: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികളെ പീഡനത്തിരയാക്കിയ കേസില്‍ യുവാവ് പിടിയിൽ. പൊന്നാനി സ്വദേശി ജാബിറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണ്‍ പരിശോധിച്ചതോടെ കൂടുതല്‍ പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയായതായും പൊലീസിന് വിവരം ലഭിച്ചു.
ഇൻസ്റ്റ ഗ്രാം, ടിക് ടോക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് പ്രതി പെണ്‍കുട്ടികളെ പീഡനത്തിരയാക്കിയത്. രണ്ട് വ്യത്യസ്ത പരാതികളിലാണ് പൊലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്. കൊണ്ടോട്ടി സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ കൊണ്ടോട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൊന്നാനി സ്വദേശി ജാബിര്‍ പിടിയിലായത്.
കേസിന്റെ തുടരന്വേഷണത്തിലാണ് ഒന്നിലധികം പെണ്‍കുട്ടികള്‍ പീഡനത്തിരയായതായി പൊലീസിന് വിവരം ലഭിച്ചത്. പീഡനത്തിരയായ പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഓൺലൈൻ സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രതി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ആഭരണം കവർന്നതായും പൊലീസിന് വിവരം ലഭിച്ചു. മലപ്പുറം ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.