കോഴിക്കോട്: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ സ്വര്‍ണക്കടത്തുകാരെ സഹായിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പു പറയാന്‍ തയ്യാറാകുമോയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. താൻ ആരോപണം ഉന്നയിച്ചത് ഉറച്ച ബോധ്യത്തോടെയാണ്. താന്‍ ഉയര്‍ത്തിയ ആരോപണത്തില്‍ തനിക്കെതിരെ അദ്ദേഹം നിയമനടപടി സ്വീകരിക്കുമെന്ന് പറയുന്നതല്ലാതെ നടപടി സ്വീകരിക്കട്ടെയെന്നും അതിന് എന്താണ് തടസമെന്നും സുരേന്ദ്രന്‍ ചോദിച്ചു.
സ്പീക്കര്‍ എന്ന നിലയില്‍ സാധാരണരീതിയില്‍ പാലിക്കേണ്ട കരുതലോ ജാഗ്രതയോ മര്യാദയോ കാണിക്കാന്‍ ശ്രീരാമകൃഷ്ണന്‍ തയ്യാറായിട്ടില്ല. ശ്രീരാമകൃഷ്ണന്‍ സിപിഎമ്മിന്റെ പ്രമുഖനേതാവാണ്. ഇയാള്‍ക്ക് സ്വപ്‌നയും സരിത്തുമായി സാധാരണ ബന്ധമല്ല ഉള്ളത്. അത് ഏത് അന്വേഷണ ഏജന്‍സിക്ക് പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും അഴിമതിപ്പണം മറയ്ക്കുന്നതിനുള്ള സ്ഥലമാണ്. പല മന്ത്രിമാരുടെയും അഴിമതി പണം ഊരാളുങ്കലില്‍ നിന്നാണ് വെളുപ്പിക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ മുന്‍കൂറായി പണം കൊടുക്കുകയാണ്.
ഒരു വൈദഗ്ധ്യവുമില്ലാത്ത മേഖലകളില്‍ പോലും കരാര്‍ നല്‍കുകകയാണ്. അതേ മാതൃകയാണ് നിയമസഭയുടെ കാര്യത്തില്‍ സ്പീക്കര്‍ സ്വീകരിച്ചത്. പാലാരിവട്ടം പാലത്തില്‍ ഇബ്രാഹം കുഞ്ഞ് ചെയ്ത അതേ അഴിമതിയാണ് നിയമസഭയില്‍ സ്പീക്കര്‍ ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.