കണ്ണൂര്‍: മൂന്നാംഘട്ട തദ്ദേശ വോട്ടെടുപ്പു നടക്കുന്ന 14ന് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് വോട്ട് ചെയ്യാനാകില്ല. മട്ടന്നൂര്‍ നഗരസഭയിലാണ് കെകെ ശൈലജയുടെ വീട്. ഇവിടുത്തെ നഗരസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യണമെങ്കിൽ മന്ത്രിയ്ക്ക് ഇനിയും രണ്ടു വർഷം കാത്തിരിക്കണം. ആദ്യ തെരഞ്ഞെടുപ്പ് വൈകി നടന്ന ഇവിടെ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മൂന്ന് വർഷമേ ആയുള്ളു.
1990 ല്‍ ഇടതു സര്‍ക്കാരാണു പഞ്ചായത്തായിരുന്ന മട്ടന്നൂരിനെ നഗരസഭയായി ഉയര്‍ത്തിയത്. 1991 ൽ യുഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നപ്പോള്‍ നഗരസഭ വീണ്ടും പഞ്ചായത്തായി മാറ്റി. പിന്നീട് ആറു വര്‍ഷം നീണ്ട നിയമപോരാട്ടം. പഞ്ചായത്താണോ, നഗരസഭയാണോ എന്നറിയാത്ത ഇക്കാലയളവിൽ ഭരണമോ, ഭരണസമിതിയോ ഇല്ലായിരുന്നു.
1996ല്‍ ഇടതു സര്‍ക്കാര്‍ വീണ്ടും വന്നപ്പോള്‍ ആദ്യ മന്ത്രിസഭയെടുത്ത തീരുമാനം മട്ടന്നൂരിനെ വീണ്ടും നഗരസഭയാക്കണം എന്നതായിരുന്നു. 1997 സെപ്റ്റംബറില്‍ ഒറ്റയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ്. പിന്നീടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും മട്ടന്നൂര്‍ ഒറ്റപ്പെട്ടു.
മട്ടന്നൂര്‍ നഗരസഭയില്‍ അഞ്ചുവര്‍ഷം വീതം അധ്യക്ഷനും ഉപാധ്യക്ഷനുമായിരുന്ന കെ.ഭാസ്‌കരനാണു കെകെ ശൈലജയുടെ ഭര്‍ത്താവ്. കൊറോണ പ്രോട്ടോക്കോൾ പ്രകാരം 65 വയസ് പിന്നിട്ടതിനാല്‍, അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നില്ല.
വോട്ടു ചെയ്യാനാകില്ലെങ്കിലും മന്ത്രി കെകെശൈലജയും ജില്ലയുടെ മറ്റുഭാഗങ്ങളില്‍ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ സജീവമായുണ്ട്.