ആലപ്പുഴ ജില്ലയിൽ പോളിംഗ് 77.16 ശതമാനം കടന്നു; ഇനിയും കൂടാൻ സാധ്യത

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് 77.16 ശതമാനം കടന്നതായി പ്രാഥമീക റിപ്പോർട്ടുകൾ പറയുന്നു. അന്തിമ കണക്കുകൾ പൂർത്തിയായി വരികയാണ്. പോളിംഗ് ശതമാനം ഇതിലും കൂടുമെന്നാണ് സൂചന. ജില്ലയിലെ ആകെ പോളിങ് ശതമാനം ‍ ഒരു മണിയോടെ 50 ശതമാനം കടന്നിരുന്നു. 1.30 ന് ജില്ലയിലെ ആകെ പോളിംഗ് ശതമാനം 53.17 ആയി. പുരുഷന്‍മാര്‍ 55.21 ശതമാനം പേരും സ്ത്രീകള്‍ 51.36 ശതമാനം പേരും അപ്പോഴേക്കും വോട്ട് രേഖപ്പെടുത്തി.

നഗരസഭകളില്‍ ഉച്ചവരെ കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ഹരിപ്പാടാണ്, 55.73 ശതമാനം. ചേർത്തല , ചെങ്ങന്നൂർ മുനിസിപ്പാലിറ്റികളിലും പോളിംഗ് 1.30 ഓടെ 50 ശതമാനം കഴിഞ്ഞു. ഒപ്പം ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും 50 ശതമാനത്തിലധികം പോളിംഗ് നടന്നു കഴിഞ്ഞിരുന്നു.

രാവിലെ പോളിംഗ് ആരംഭിച്ചപ്പോൾ തന്നെ ഭൂരിഭാഗം ബൂത്തുകളിലും നീണ്ട ക്യൂവായിരുന്നു. ആദ്യ മണിക്കൂറിൽ പോളിങ് 8 ശതമാനത്തിലെത്തി. കുട്ടനാട്ടിലും നഗരസഭകളിലും തീരപ്രദേശങ്ങളിലും

തുടക്കത്തിൽ തന്നെ വോട്ടർമാരുടെ ആവേശം പ്രകടമായിരുന്നു. ചെങ്ങന്നൂർ നഗരസഭയും ഹരിപ്പാട് നഗരസഭയും ആദ്യ മണിക്കൂറിൽ യഥാക്രമം 10 ശതമാനവും 8.01 ശതമാനവും പോളിങ് രേഖപ്പെടുത്തി. ബ്ലോക്കുകളിൽ തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി എന്നിവ 8 ശതമാനത്തിനു മുകളിൽ പോളിംഗ് രേഖപ്പെടുത്തി.

കുട്ടനാട്ടിലും മിക്ക ബൂത്തുകളിലും രാവിലെ മുതൽ വോട്ടുചെയ്യാൻ എത്തിയവരുടെ തിരക്കനുഭവപ്പെട്ടു. ആദ്യ മണിക്കൂറിൽ വെളിയനാട് ബ്ലോക്കിലെ പഞ്ചായത്തുകളിൽ 8.4 ശതമാനത്തിന് മുകളില്‍ പോളിങ് നടന്നു.

ചമ്പക്കുളം ബ്ലോക്കിലും 7.45 ശതമാനത്തിനു മുകളിൽ പോളിംഗ് ആദ്യ മണിക്കൂർ രേഖപ്പെടുത്തി. പത്തുമണിയോടെ ജില്ലയിലെ പോളിങ് ശതമാനം 25 കടന്നു. 11. 30 ന് പോളിങ് ശതമാനം 35.53 ശതമാനത്തിലെത്തി. ഇതില്‍ 38 ശതമാനം പുരുഷന്മാരും 33% സ്ത്രീ വോട്ടർമാരുമാണ്. പുരുഷ വോട്ടർമാരുടെ നിര ജില്ലയില്‍ മിക്കയിടത്തും ആദ്യഘട്ടത്തിൽ നീണ്ടുപോയി. കഞ്ഞിക്കുഴി, പട്ടണക്കാട് ബ്ലോക്കുകളിലെ പോളിങ് ശതമാനം ഈ സമയം 40 കടന്നു മുന്നേറിയിരുന്നു.

12.15ഓടെ ചമ്പക്കുളം ബ്ലോക്കിലെ കൈനകരി ഗ്രാമപഞ്ചായത്തിൽ 52.77ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ ആര്യാട്, മുഹമ്മ ഗ്രാമപഞ്ചായത്തുകളിലും ഈ സമയം 50 ശതമാനത്തിലധികം പോളിംഗ് എത്തി. തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ ചേന്നം പള്ളിപ്പുറവും പെരുമ്പളം ഗ്രാമപഞ്ചായത്തും യഥാക്രമം 51. 37, 52.91 ശതമാനം പോളിംഗ് രേഖപ്പെടുത്തി ഒപ്പത്തിനൊപ്പം മുന്നേറി.

കൊറോണ കാലത്ത് സംസ്ഥാനത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.