കൊറോണയിൽ നിന്ന് എന്ന പോലെ എൽഡിഎഫിൽ നിന്നും അകന്നു നിൽക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊറോണയിൽ നിന്ന് അകന്നു നിൽക്കണമെന്ന് പറയുന്നതുപോലെ എൽ ഡിഎഫിൽ നിന്നും വോട്ടർമാർ അകന്നു നിൽക്കേണ്ട സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അത്രമാത്രം അപചയവും തകർച്ചയുമാണ് കേരളത്തിലെ ഇടതുമുന്നണിയും മാർക്സിസ്റ്റ് പാർട്ടിയും നേരിടുന്നത്.

നിലവിലെ സാഹചര്യത്തിൽ സിപിഎമ്മിന് ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഇറങ്ങാത്തത്.ഇത്ര പ്രധാന തിരഞ്ഞെടുപ്പുണ്ടായിട്ട് ഒരിടത്തു പോലും പ്രസംഗിക്കാത്തത്. മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ല എന്ന തിരിച്ചറിവുകൊണ്ടാണ്. സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പറയുന്നില്ല. ആയിരം രൂപയ്ക്ക് കിറ്റ് കൊടുക്കുന്നു എന്നു പറഞ്ഞിട്ട് 500 രൂപയുടെ കിറ്റുപോലുമില്ല. കിറ്റിനുള്ള സഞ്ചിയിൽ തന്നെ കമ്മിഷനടിച്ചിരിക്കുകയാണ് .

കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അഴിമതിയും, കൊള്ളയുമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ഈ വസ്തുതകൾ കണ്ടുകൊണ്ട് വേണം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാ സർക്കാറുകളും പെൻഷൻ കൊടുക്കുന്നുണ്ട്. പെൻഷൻ പദ്ധതി കൊണ്ടുവന്നത് കോൺഗ്രസ് സർക്കാറാണ്. വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനങ്ങളുടെ മുൻപിൽ ഒരു മാറ്റത്തിനു വേണ്ടിയാണ് യുഡിഎഫ് നിലകൊള്ളുന്നത്. കേരളത്തിൽ ഒരു ഭരണ മാറ്റത്തിനുള്ള സമയമായിരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.