കൊച്ചി: രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റിയൂട്ടിന്റെ രണ്ടാം കാംപസിന് ആർഎസ്എസ് നേതാവ് എംഎസ് ഗോൾവാൾക്കറിന്റെ പേരിടുന്നതിനെച്ചൊല്ലിയുള്ള വിവാദത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനെ വിമർശിച്ച് എഴുത്തുകാരൻ എൻഎസ് മാധവൻ. നെഹ്റുവിന് വള്ളംകളി അറിയാമോയെന്നു ചോദിച്ചാൽ വാജ്പേയിക്കു തുരങ്കംപണി അറിയാമോയെന്നു തിരിച്ചു ചോദിക്കേണ്ടിവരുമെന്ന്, ഇതിനോടു പ്രതികരിച്ചുകൊണ്ട് മാധവൻ ട്വിറ്ററിൽ കുറിച്ചു.
ലേ മണാലി ഹൈവേയിലെ റൊഹ്താങ് പാസിലെ തുരങ്കത്തിന് വാജ്പേയിയുടെ സ്മരണയ്ക്ക് അടൽ ടണൽ എന്നു നാമകരണം ചെയ്തിരുന്നു. ശാസ്ത്ര ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടിന് ആർഎസ്എസ് നേതാവിന്റെ പേരിടുന്നതിനെ ചോദ്യം ചെയ്തതിനു മറുപടിയായി വള്ളംകളിക്കാരനായിട്ടാണോ നെഹ്റു ട്രോഫി വള്ളംകളിക്കു പ്രഥമ പ്രധാനമന്ത്രിയുടെ പേരിട്ടതെന്ന് മുരളീധരൻ ചോദിച്ചിരുന്നു.
ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകുന്നതിന് എന്ത് അയോഗ്യതയാണ് ഉള്ളതെന്ന് ഇന്നലെ കാസർക്കോട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഗോൾവാൾക്കറുടെ പേര് ഇടാൻ പറ്റില്ലെങ്കിൽ രാജ്യദ്രോഹക്കുറ്റത്തിന് ജയിലിൽ കിടന്ന കേരളത്തിലെ ഒരു ഇടത് പക്ഷ നേതാവിന്റെ പേരും കേരളത്തിലെ ഒരു സ്ഥാപനങ്ങൾക്കും ഇടാൻ സാധിക്കില്ലല്ലോയെന്നും മുരളീധരൻ പറഞ്ഞു.
ബനാറസ് ഹിന്ദുസർവകലാശാലയിലെ സുവോളജി പ്രൊഫസർ ആയിരുന്നു ഗോൾവാൾക്കർ. മറൈൻ ബയോളജിയിൽ പിഎച്ച്ഡി ചെയ്യുന്നതിനിടെ പഠനം മതിയാക്കിയാണ് ആർ എസ് എസിലേക്ക് എത്തിയത്.കെ കരുണാകരൻ കോൺഗ്രസ് നേതാവും സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെയാണ് പെരിന്തൽമണ്ണയിലെ പൂക്കോയ തങ്ങൾ സ്മാരക കോളേജ് സ്ഥാപിക്കുന്നത്. സർക്കാർ കോളേജിന് മുസ്ലീംലീഗിന്റെ പ്രസിഡന്റിന്റെ പേരിടാൻ കോൺഗ്രസിന് പ്രയാസമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.