കർഷകസമരം: കേന്ദ്രനിലപാട് നിഷേധാത്മകം; കർഷകജനതയോടുള്ള അവഹേളനം; കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശ്ശേരി അതിരൂപത

ചങ്ങനാശ്ശേരി: കാർഷിക നിയമത്തിന് എതിരെ രാജ്യവ്യാപകമായി എല്ലാ മേഖലകളിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്നിട്ടും കേന്ദ്രസർക്കാർ നിഷേധാത്മക നിലപാട് പുലർത്തുന്നത് ഭാരതജനതയിൽ ഭൂരിപക്ഷം വരുന്ന കർഷകജനതയോടുള്ള അവഹേളനമാണെന്ന് ചങ്ങനാശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. തങ്ങളുടെ ന്യായമായ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കർഷകരുടെ ധർമ്മസമരത്തിന് അതിരൂപതയുടെ പിന്തുണ മാർ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചു.

വേണ്ടത്ര ചർച്ചപോലും നടത്താതെ പെട്ടെന്ന് പാസാക്കിയ കർഷക നിയമങ്ങൾ കർഷകരെ രക്ഷിക്കുകയല്ല മറിച്ച് അവരെ കോർപ്പറേറ്റുകളുടെ ചൂഷണത്തിന് ഇരയാക്കി അടിമത്തത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവാണ് കേന്ദ്രസർക്കാർ കർഷക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം എന്ന കർഷകരുടെ ഉറച്ച നിലപാടിന് കാരണം. ദീർഘനാളായി കർഷകരോട് കാണിക്കുന്ന അവഗണനയും വാഗ്ദാന ലംഘനങ്ങളുമാണ് കർഷകരെ സമാധാനപരമെങ്കിലും ശക്തമായ പ്രതിഷേധ സമരത്തിലേക്ക് നയിച്ചതെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

നാടിന്റെ നട്ടെല്ല് എന്ന് വിശേഷിക്കപ്പെടുന്ന കർഷകർക്ക് നട്ടെല്ലുണ്ടെന്ന് തെളിയിച്ചു കൊണ്ട് ഡെൽഹിയിൽ നടക്കുന്ന കർഷകസമരം ആഗോള ശ്രദ്ധ പിടിച്ചുപറ്റി യിരിക്കുകയാണ്.പഞ്ചാബിലെ കർഷകജനതയുടെ നേതൃത്വത്തിൽ മുപ്പത്തിയഞ്ചോളം കർഷക സംഘടനകൾ ചേർന്ന് നടത്തുന്ന സമരത്തിന് ഐക്യരാഷ്ട്രസഭയുടെയും പല ലോകരാഷ്ട്രങ്ങളുടെ യും പിന്തുണ ലഭിച്ചു കഴിഞ്ഞു .

ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ പാസാക്കിയ കർഷകനിയമങ്ങൾ പിൻവലിച്ച് കർഷകരുടെ ഭയാശങ്കകൾ നീക്കണമെന്ന് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.