കാസർകോട്: രാജീവിഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകുന്നതിന് എന്ത് അയോഗ്യതയാണ് ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.
ബനാറസ് ഹിന്ദുസർവകലാശാലയിലെ സുവോളജി പ്രാഫസർ ആയിരുന്നു ഗോൾവാൾക്കർ. മറൈൻ ബയോളജിയിൽ പിഎച്ച്ഡി ചെയ്യുന്നതിനിടെ പഠനം മതിയാക്കിയാണ് ആർ എസ് എസിലേക്ക് എത്തിയത്. ഗോൾവാൾക്കറുടെ പേര് ഇടാൻ പറ്റില്ലെങ്കിൽ രാജ്യദ്രോഹക്കുറ്റത്തിന് ജയിലിൽ കിടന്ന കേരളത്തിലെ ഒരു ഇടത് പക്ഷ നേതാവിന്റെ പേരും കേരളത്തിലെ ഒരു സ്ഥാപനങ്ങൾക്കും ഇടാൻ സാധിക്കില്ലല്ലോയെന്നും മന്ത്രി വി മുരളീധരൻ പറഞ്ഞു.
കെ കരുണാകരൻ കോൺഗ്രസ് നേതാവും സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെയുമാണ് പെരിന്തൽമണ്ണയിലെ പൂക്കോയ തങ്ങൾ സ്മാരക കോളേജ് സ്ഥാപിക്കുന്നത്. സർക്കാർ കോളേജിന് മുസ്ലീംലീഗിന്റെ പ്രസിഡന്റിന്റെ പേരിടാൻ കോൺഗ്രസിന് പ്രയാസമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും ആരാണ് സ്വർണം കൊടുത്തുവിട്ടതെന്നും ആരാണ് ഇത് ഉപയോഗിച്ചതെന്നും കണ്ടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് അന്വേഷണത്തിന്റെ അടിസ്ഥാനം. ഇക്കാര്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻ ഐ എയും കസ്റ്റംസും.
അന്വേഷണം നടക്കുന്നതിനിടെ പുതിയ പല ആളുകളും അന്വേഷണത്തിന്റെ ഭാഗമാവുകയാണ്. അന്വേഷണത്തിനിടെ പല പുതിയ കുറ്റപത്രങ്ങളും സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അന്വേഷണംപൂർത്തിയാക്കി എന്ന് അന്വേഷണ ഏജൻസികൾ പറയുന്നതുവരെ അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.