ആലപ്പുഴ: കേന്ദ്രത്തിലും സംസ്ഥാനത്തും ആരു ഭരിച്ചാലും ദളിതർക്കും അടിച്ചമർത്തപ്പെട്ടവർക്കും പ്രത്യേകിച്ച് ലത്തീൻ സമുദായത്തിലെ ഭൂരിഭാഗം വരുന്ന തീരദേശ ജനതയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകുന്ന പദ്ധതികൾ നടപ്പാക്കണമെന്ന് ആലപ്പുഴ ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ. സർക്കാരുകൾ സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങൾ ഇല്ലാതാക്കാൻ മുൻകൈയ്യെടുക്കണമെന്ന് ബിഷപ്പ് ആനാപറമ്പിൽ അഭിപ്രായപ്പെട്ടു.
ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ കെഎൽസിഎ ആലപ്പുഴ രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന ലത്തീൻ സമുദായ ദിനാഘോഷത്തിൻ്റെ രൂപതാതല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കു കയായിരുന്നു ബിഷപ്പ്. “സഹോദരൻ്റെ കാവലാളാകുക ” എന്നതാണ് ഈ വർഷത്തെ സമുദായ ദിന സന്ദേശമെന്ന് ബിഷപ് ജയിംസ് റാഫേൽ ആനാപറമ്പിൽ സമുദായ അംഗങ്ങളെ ഉദ്ബോധിപ്പിച്ചു.
കെഎൽസിഎ രൂപതാ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, പ്രസിഡൻറ് പി ജി ജോൺ ബ്രിട്ടോ, ജനറൽ സെക്രട്ടറി ഇ വി രാജു ഈരേശ്ശേരിൽ, വൈസ് പ്രസിഡൻ്റ് സാബുവി തോമസ്, കത്തീഡ്രൽ വികാരി ഫാ. ജോസ് ലാട്ട് തുടങ്ങിയവർ രൂപതാ ദിനാഘോഷങ്ങൾക്ക് നേതൃത്വം നല്കി. രൂപതയിലെ വിവിധ പള്ളികളിൽ സമുദായ ദിനാഘോഷങ്ങൾ കൊറോണ പ്രോട്ടോക്കോൾ പാലിച്ച് നടത്തി.