കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിൽ ദേശിയപാതയിലൂടെ ടോപ്പ് ഗിയറിൽ പായാം; കാത്തിരിപ്പിന് വിരാമം

കൊച്ചി: പാലാരിവട്ടം മേൽപ്പാപാല വിവാദം അരങ്ങ് തകർക്കുമ്പോൾ കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിൽ ദേശിയപാതയിലൂടെ ടോപ്പ് ഗിയറിൽ പായാനുള്ള കാത്തിരിപ്പിന് വിരാമം. ദേശിയപാത 66-ൽ വൈറ്റില ജംഗ്ഷനിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ട്രാഫിക് സിഗ്നലുകൾ ചാർജ് ചെയ്യുന്നത് അടക്കം ചില ജോലികൾ മാത്രം.

തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു പിന്നാലെ രണ്ട് മേൽപ്പാലങ്ങളും തുറക്കും. വൈറ്റിലയിൽ മേൽപ്പാലത്തിന്റെ എല്ലാ ജോലികളും പൂർത്തിയായിക്കഴിഞ്ഞു. കുണ്ടന്നൂരിൽ പെയിന്റിങ് ജോലികൾ മാത്രമാണ് പൂർത്തിയാകാനുള്ളത്. കുണ്ടന്നൂരിൽ തൃപ്പൂണിത്തുറ റോഡിലേക്കുള്ള ഡ്രെയ്‌നേജ് സംവിധാനത്തിന്റെ കുറച്ച് ജോലികളും അവശേഷിക്കുന്നുണ്ട്.

കേബിൾ മാറ്റി നൽകുന്നതിലുണ്ടായ കാലതാമസമാണ് ജോലികൾക്ക് തടസ്സമായത്. കുണ്ടന്നൂരിലും 97 ശതമാനം ജോലികളും പൂർത്തിയായതായി നിർമാണ ചുമതലയുണ്ടായിരുന്ന പി.ഡബ്യൂഡി അസിസ്റ്റന്റ് എൻജിനീയർ ശോഭ പറഞ്ഞു.

ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുന്ന ജോലി കെൽട്രോണാണ് നടത്തുന്നത്. വൈറ്റിലയിൽ നിന്ന് പാലാരിവട്ടത്തേക്ക് 4.5 കിലോമീറ്റർ ആണ് ദൂരം. ഡിഎംആർസിയുടെ നേതൃത്വത്തിൽ നടക്കുന്ന പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമാണം മേയ് മാസത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.