ഹൈദരാബാദ്: തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എന്‍. ഉത്തം കുമാർ റെഡ്ഡി രാജിവച്ചു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നാണ് രാജി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഹൈദരാബാദിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല.
150 അംഗങ്ങള്‍ ഉൾപ്പെടുന്നതാണ് വിശാല ഹൈദരാബാദ് മുനിസിപ്പല്‍ കോർപറേഷൻ. 2015ലാണ് ഉത്തംകുമാറിനെ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിക്കുന്നത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ, 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പ്, കഴിഞ്ഞ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പ്, രണ്ട് ഉപതെരഞ്ഞെടുപ്പുകൾ, ഡിസംബർ ഒന്നിന് നടന്ന ജിഎച്ച്എംസി തെരഞ്ഞെടുപ്പ് എന്നിവയെയും തദ്ദേശ തെരഞ്ഞെടുപ്പിനെയും പാര്‍ട്ടി നേരിട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതു പോലെയുള്ള പ്രകടനം നടത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. പല അംഗങ്ങളും ടി.ആര്‍.എസിലേക്ക് മാറുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തംകുമാറിന്‍റേത് ഉള്‍പ്പെടെ മൂന്ന് സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഹുസുര്‍നഗര്‍ ഉപതെരഞ്ഞെടുപ്പും നഷ്ടമായി. മുമ്പ് നടന്ന് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 2019 ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം നടത്തി.