വിലക്ക് മറികടന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഭാര്യ ക്ഷേത്ര ദര്‍ശനം നടത്തി

കൊച്ചി: കൊറോണ നിയന്ത്രണ വിലക്ക് ദേവസ്വം മന്ത്രി ലംഘിച്ച്‌ കടകം പള്ളി സുരേന്ദ്രന്‍റെ ഭാര്യ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനം നടത്തിയതിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി. നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി റിപ്പോര്‍ട്ട് തേടി. കൊറോണ നിയന്ത്രണം ലംഘിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി എന്നാണ് ആരോപണം.

ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഭാര്യ സുലേഖ സുരേന്ദ്രന്‍, മരുമകള്‍, ദേവസ്വത്തിന്‍റെ ഭാരവാഹികള്‍ തുടങ്ങിയവര്‍ ദര്‍ശനം നടത്തിയിരുന്നു.

ഭക്തര്‍ക്ക് പ്രവേശന വിലക്ക് നിലനില്‍ക്കെ നാലമ്പലത്തിനുള്ളില്‍ പ്രവേശിച്ചത് ആചാരലംഘനത്തിന് ഇടയാക്കിയെന്ന് ആരോപണം. പൊതുജനങ്ങള്‍ക്ക് പ്രവേശന അനുമതി ഇല്ലാതിരുന്ന സമയത്താണ് കടകംപള്ളിയുടെ ഭാര്യ നാലമ്പലത്തില്‍ പ്രവേശിച്ചതെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്.

കൊറോണ മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇതെന്നാണ് ഹര്‍ജിക്കാരന്‍റെ ആരോപണം. ബിജെപി നേതാവ് നാഗേഷ് ആണ് കോടതിയെ സമീപിച്ചത്.