തോമസ് ഐസക്ക് മന്ത്രി സ്ഥാനം രാജിവച്ച് ഒഴിയണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് മന്ത്രി സ്ഥാനം രാജിവച്ച് ഒഴിയേണ്ട സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ധനമന്ത്രി നിയമസഭയുടെ അവകാശങ്ങൾ ലംഘിച്ചതിനാൽ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിയോട് നടപടിയെടുക്കാൻ ശുപാർശ ചെയ്യണമെന്ന വിഡി സതീശൻ എംഎൽഎയുടെ ആവശ്യം സ്പീക്കർക്ക് പരിഗണിക്കേണ്ടി വന്നത് തന്നെ പ്രഥമദൃഷ്ട്യാ ധനമന്ത്രി കുറ്റക്കാരനായതിനാലാണെന് അദ്ദേഹം കുറ്റപ്പെടുത്തി.

ഒഫീഷ്യൽ സീക്രെട്ട് ആക്ട് ലംഘിച്ച മന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിന് പുറമെയാണ് കെ എസ്എഫ്ഇ യിൽ വിജിലൻസിനെ കയറ്റില്ല എന്ന് മന്ത്രി പരസ്യമായി പറഞ്ഞത്. ഇത് ഐപിസി 353-ാം വകുപ്പിന്റെ ലംഘനമാണ്. ഇതിൽ മന്ത്രിക്കെതിരേ കേസെടുക്കേണ്ടതുമാണ്.

മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള കാലത്തോളമാണ് ഭരണഘടനാപരമായി ഒരു മന്ത്രിക്ക് മന്ത്രിസഭയിൽ തുടരാനാകുക. വിജിലൻസ് അന്വേഷണമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രിയെ മുഖ്യമന്ത്രി പരസ്യമായി തള്ളി പറഞ്ഞതോടെ ഈ വിശ്വാസം നഷ്ടമായി എന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ അധികാരത്തിൽ തുടരാനുള്ള യോഗ്യത തോമസ് ഐസക്കിന് നഷ്ടമായിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.