അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം; ന്യൂനമര്‍ദം തീവ്രമായി ചുഴലിക്കാറ്റായേക്കും; കേരള തീരത്ത് മത്സ്യ ബന്ധനം വിലക്കി

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമര്‍ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാകും. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇന്നു മുതൽ ഇനിയൊരറിയിപ്പുണ്ടാകും വരെ കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനം സർക്കാർ വിലക്കി. നാളെ മുതൽ സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും ഇടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബുധനാഴ്ച ഇടുക്കിയിൽ റെഡ് അലർട്ടും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

ജില്ലാ കലക്ടർമാരോട് ജാഗ്രത പുലർത്താനും കരുതൽ നടപടി സ്വീകരിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളോട് ജാഗ്രത പാലിക്കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ അടിയന്തര നിര്‍ദേശം നല്‍കി.