പാലാരിവട്ടത്ത് കെഎസ്ആർടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവർ മരിച്ചു ;25 പേര്‍ക്ക് പരിക്ക്

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ (45) ആണ് മരിച്ചത്. 25 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അപകടം. നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്കാണ് ബസ് ഇടിച്ചുകയറിയത്.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ കടപുഴകിയ മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.