ചെന്നൈ: രാഷ്ട്രീയ ഭാവി സംബന്ധിച്ച അന്തിമ പ്രഖ്യാപനങ്ങൾക്കായി രജനീകാന്ത് ആരാധക കൂട്ടായ്മയുടെ യോഗം വിളിച്ചു. നാളെ ചെന്നൈയിലാണ് രജനീ മക്കൾ മണ്ഡ്രത്തിൻ്റെ യോഗം. രജനീകാന്ത് നേരിട്ട് രംഗത്തിറങ്ങാതെ ആരാധക കൂട്ടായ്മയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുന്നത് ഉൾപ്പടെ പുതിയ നിർദേശങ്ങൾ ചർച്ചയാകും.
തൻ്റെ നേരിട്ടുള്ളരാഷ്ട്രീയ പ്രവേശം അടഞ്ഞ അധ്യായമെന്ന നിലപാടിൽ തന്നെയാണ് താരം. തീരുമാനം പിൻവലിക്കണമെന്ന ആരാധകരുടെ കടുത്ത ആവശ്യങ്ങൾക്കിടയിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് താരം പിൻവാങ്ങിയത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ ഉടനീളം ആരാധകർ പോസ്റ്റർ പതിച്ചിരുന്നു.
കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ പുതിയ നിർദ്ദേശങ്ങൾ നാളത്തെ യോഗത്തിൽ മുന്നോട്ട് വയ്ക്കാനാണ് താരത്തിൻ്റെ തീരുമാനം. രജനീകാന്ത് നേരിട്ട് രാഷ്ട്രീയത്തിലേക്ക് ഇല്ലെങ്കിലും ആരാധക കൂട്ടായ്മയെ രാഷ്ട്രീയ പാർട്ടിയാക്കിയാക്കി മാറ്റുന്ന പ്രവർത്തനവുമായി മുന്നോട്ട് കൊണ്ടു പോകുന്നത് ചർച്ചയാകും.
രജനീ മക്കൾ മണ്ഡത്തിൻ്റെ യുവ ഭാരവാഹികളെ മുൻനിർത്തി രാഷ്ട്രീയ പ്രചാരണമെന്ന നിർദ്ദേശവും മുന്നോട്ട് വയ്ക്കും. താൻ പാർട്ടിയെ നിയന്ത്രിക്കുന്ന അവസാന വാക്കായി മാത്രം തുടരുമെന്നും രജനീ മക്കൾ മണ്ഡത്തിന് രാഷ്ട്രീയ പ്രവർത്തനവുമായി സജീവമാകാമെന്നും യോഗത്തിൽ രജനീകാന്ത് അഭിപ്രായപ്പെടും.
ആരാധകരെ സംഘടിപ്പിച്ചുള്ള പ്രവർത്തനം വിജയിച്ചാൽ മാത്രം ഒടുവിൽ നേതൃനിരയിലേക്ക് രംഗ പ്രവേശനം നടത്താമെന്നും താരം കണക്കുകൂട്ടുന്നു. പാർട്ടി പ്രഖ്യാപിച്ചാലും നേതൃനിരയിൽ ഉണ്ടാകില്ലെന്നും താൻ പാർട്ടിയെ തിരുത്തുന്ന ഘടകം മാത്രമായിരിക്കുമെന്നും നേരത്തെ രാഷ്ട്രീയ പ്രവേശന വേദിയിൽ രജനീകാന്ത് വ്യക്തമാക്കിയിരുന്നു.