തൃശ്ശൂർ: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് വട്ടാണെന്ന് പറഞ്ഞ ധനമന്ത്രിയുടെ അഭിപ്രായത്തെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വകുപ്പ് ഒരു ഗുരുതര വീഴ്ച കണ്ടെത്തുമ്പോൾ അതിനെ വട്ടാണ് എന്നെല്ലാം വിളിച്ച് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ധനമന്ത്രിക്ക് പറ്റില്ല.
കെ എസ് എഫ് ഇ യിലെ വിജിലൻസ് റെയ്ഡ് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ വഴിവിട്ട നിലപാടിനെക്കുറിച്ച് പിണറായി വിജയൻ അഭിപ്രായം പറയണം. അഴിമതിയുണ്ട് എന്ന പ്രാഥമിക ധാരണയുടെ പശ്ചാത്തലത്തിലാണ് ഏതെങ്കിലും വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് റെയ്ഡ് നടത്തുന്നത്.
ഗുരുതരമായ അഴിമതി ആരോപണമാണ് കെ എസ് എഫ് ഇ നേരിടുന്നത്. ഇത് നേരത്തേയും പുറത്തുവന്നതാണ്. കള്ളപ്പണം വെളുപ്പിക്കുക, ചിട്ടി സുതാര്യമല്ലാതെ നടത്തുക, സ്വർണപ്പണയത്തിൽ കൃത്രിമത്വം, കുട്ടികൾക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നതിൽ ക്രമക്കേട് തുടങ്ങി അനവധി ആരോപണങ്ങളാണ് കെ എസ് എഫ് ഇക്കെതിരേയുള്ളതെന്ന് ചെന്നിത്തല പറഞ്ഞു.
സർക്കാർ സ്ഥാപനമായതിനാലാണ് ജനങ്ങൾ ആ വിശ്വാസത്തിൽ കെ എസ് എഫ് ഇയെ സമീപിക്കുന്നത്. വിജിലൻസ് റെയ്ഡിലെ വിശദാംശങ്ങൾ പുറത്തിവിടാത്തത് ദുരൂഹമാണ്. എത്രയും പെട്ടെന്ന് ഈ വിവരങ്ങൾ പുറത്തുവിടുകയും കെ എസ് എഫ് ഇയിലെ അഴിമതി സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.