തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ നിങ്ങളോട് അപരിചിതര്‍ സംസാരിക്കുന്നുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ. ആരാണെന്ന് അറിയാതെ സംസാരിക്കുന്നവര്‍ നിങ്ങളെ ഏതു ചതിക്കുഴിയിലും ചെന്നെത്തിക്കും. സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി സ്ത്രീകളുടെ ശബ്ദത്തില്‍ വരെ സംസാരിക്കുന്ന സംഘത്തെ പിടികൂടി.
സ്ത്രീശബ്ദത്തില്‍ യുവാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ചാണ് ഇവര്‍ കൂടുതല്‍ അടുക്കുന്നത്. അതുകൊണ്ടുതന്നെ പലരും ഇത് വിശ്വസിക്കും. സംസാരിക്കുന്നവരുടെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം ഭീഷണിപെടുത്തുകയും പണം തട്ടുകയും ചെയ്യുകയാണ് പതിവ്.
തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ പക്കല്‍ നിന്നും പതിനായിരം രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്. സംഭവത്തില്‍ യുവാവ് പരാതിപെട്ടതോടെ പോലീസ് അന്വേഷണത്തിനിറങ്ങി. രാജസ്ഥാന് സ്വദേശികളായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്.
നഹര്‍ സിംഗ്, സുഖ്ദേവ് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അങ്കിത ശര്‍മ എന്ന വ്യാജ പേരിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. രാജസ്ഥാന് പോലീസിന്റെ സഹായത്തോടെ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചാണ് പ്രതികളെ കേരള പോലീസ് പിടികൂടിയത്.