കൊച്ചി : സ്വര്‍ണക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഒത്താശയോടെയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് വ്യക്തമായി അറിയാമെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റംസ് അപേക്ഷ നല്‍കിയിട്ടുള്ളത്.
സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്തുവെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. അട്ടക്കുളങ്ങരെ ജയിലില്‍ വെച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ശിവശങ്കറിന് കടത്തില്‍ അറിവുണ്ടായിരുന്നു എന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും ക്സറ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
കള്ളക്കടത്തിന്റെ രീതികളെക്കുറിച്ചും കൂടുതല്‍ ആളുകള്‍ക്ക് പങ്കുള്ളതിനാലും, ശിവശങ്കറെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് കസ്റ്റംസ് അപേക്ഷയില്‍ വ്യക്തമാക്കി. ശിവശങ്കറിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടു. കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും കേസ് പരിഗണിക്കുക.