കൊല്ലം: കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെ പത്തനാപുരത്തു നിന്നും ബേക്കൽ പോലീസാണ് പ്രദീപിനെ അറസ്റ്റു ചെയ്തത്.
പ്രദീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. പ്രോസിക്യൂഷൻ്റെ യും പ്രതിഭാഗത്തിൻ്റയും വിശദമായ വാദങ്ങൾ കേട്ടതിനുശേഷമാണ് കോടതി ജാമ്യഹർജി തള്ളിയത്. നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലിനെ കോടതിയിൽ മൊഴിമാറ്റിക്കുന്നതിനായി വീട്ടിലെത്തിയും ബന്ധുക്കൾ മുഖേനയും സ്വാധീനിക്കാൻ ശ്രമിക്കുകയും സ്വാധീനത്തിന് വഴങ്ങാതിരുന്നപ്പോൾ ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണു കേസ്.
ഇതുമായി ബന്ധപ്പെട്ട് വിപിൻലാൽ ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. പ്രദീപിൻ്റെ നാടായ കൊട്ടാരക്കരയിലും പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് പ്രദീപിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ജനുവരിയിൽ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ മൊഴിമാറ്റാൻ 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയും പ്രതിഭാഗം വാഗ്ദാനം ചെയ്തെന്ന പരാതിയുമായി സാക്ഷി രംഗത്തെത്തിയിട്ടുണ്ട്. പൾസർ സുനിയുടെ സഹ തടവുകാരൻ ജെൻസൺ ആണ് പീച്ചി പൊലീസിനു പരാതി നൽകിയത്. സാക്ഷിമൊഴി പ്രതിഭാഗത്തിന് അനുകൂലമാക്കാൻ അഭിഭാഷകനാണ് ഇടപെട്ടതെന്നു ജെൻസൺ പറയുന്നു. എന്നാൽ, പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നു പീച്ചി പൊലീസ് അറിയിച്ചു.