അപകീര്‍ത്തികരമായ പരാമര്‍ശം; ബിജു രമേശിനെതിരെ നിയമനടപടിക്ക് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബിജു രമേശിനെതിരെ നിയമനടപടിക്ക് ഒരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. രോഗമുള്ള അളായതിനാല്‍ രമേശ് ചെന്നിത്തലയെ ഉപദ്രവിക്കരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതിനാലാണ് 164 മൊഴിയില്‍ അദ്ദേഹത്തിന്റെ പേരു പറയാതിരുന്നതെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.

രമേശ് ചെന്നിത്തലയെ ഉപദ്രവിക്കരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. രോഗമുള്ള ആളാണ് ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അതുകൊണ്ടാണ് 164 മൊഴിയില്‍ അദ്ദേഹത്തിന്റെ പേരു പറയാതിരുന്നത്. ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ചെന്നിത്തല വിളിച്ചു. ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റായിരിക്കെയാണ് പണം വാങ്ങിയത്. ബാര്‍ കോഴക്കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. നിരവധിത്തവണ ആവര്‍ത്തിച്ച ആരോപണമാണ്. അതില്‍ ഒരു കാര്യവും മാറ്റി പറഞ്ഞില്ല. പിണറായി വിജയനെ കെ.എം.മാണി വീട്ടില്‍പ്പോയി കണ്ടതിനുശേഷം വിജിലന്‍സ് കേസ് ഇല്ലാതായി. എല്ലാ രാഷ്ട്രീയക്കാരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. പരസ്പരം ഒത്തുതീര്‍പ്പുണ്ടാക്കില്ലെന്ന് ഒരുറപ്പുമില്ല. ബാര്‍ കോഴ വിഷയത്തില്‍ സിപിഎമ്മിന് ഒരു ആദര്‍ശവുമില്ല. തന്നെ എപ്പോഴും ഉപയോഗിക്കാവുന്ന കരുവായി കാണരുതെന്നും ബിജു രമേശ് പറഞ്ഞു.