കൊച്ചി: എറണാകുളം അയ്യമ്പുഴയിൽ സംസ്ഥാന സർക്കാരിന്റെ ഗിഫ്റ്റ് സിറ്റി പദ്ധതിക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ. സാധാരണക്കാരായ കർഷകകുടുംബങ്ങളെ കുടിയിറക്കി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് നിലപാട്. സ്ഥലമേറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോയാൽ ശക്തമായി പ്രതിരോധിക്കാനാണ് തീരുമാനം.
അങ്കമാലിക്കടുത്ത് അയ്യമ്പുഴയിലെ 600 ഏക്കറോളം ഭൂമിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ പശ്ചിമഘട്ടത്തോട് ചേർന്ന് കൃഷിയിടങ്ങളാൽ സമൃദ്ധമായ ഈ പ്രദേശം വിട്ട് നൽകാൻ കഴിയില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശങ്ങൾ സർക്കാർ ഏറ്റെടുത്ത് സ്വകാര്യവ്യക്തികൾക്ക് കൈമാറുമ്പോൾ വിദൂരഭാവിയിൽ പലതരം അട്ടിമറികൾക്കും സാധ്യതയുണ്ട്.
കർഷകരായ ജനങ്ങളെ കുടിയിറക്കി, വരുമാനമില്ലാതാക്കി കൊണ്ടുള്ള ഈ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്നാണ് ആവശ്യം. നിലവിൽ സ്ഥലമേറ്റെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. പുതുതലമുറ വ്യവസായങ്ങൾക്കായി പൊതു സ്വകാര്യ പങ്കാളിത്തതിൽ 1600 കോടി രൂപയുടേതാണ് പദ്ധതി.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു അയ്യമ്പുഴയിൽ 300 അധികം പേർ പങ്കെടുത്ത പ്രതിഷേധ റാലി പ്രതിഷേധം കടുപ്പിക്കാൻ സമരപരിപാടികൾ സജീവമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.