തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപ്പിടിത്തത്തിന്റെ ഫോറൻസിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്ത്. പരിശോധിച്ച സാമ്പിളുകളിൽനിന്ന് തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. മുറിയിലെ ഫാനിൽനിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
തീപ്പിടിത്തത്തെ കുറിച്ച് കെമിസ്ട്രി ഡിപ്പാർട്മെന്റും ഫിസിക്സ് ഡിപ്പാർട്മെന്റും രണ്ടു തരത്തിലുള്ള പരിശോധന നടത്തിയിരുന്നു. ഇതിൽ കെമിസ്ട്രി ഡിപ്പാർട്മെന്റ് നാൽപ്പത്തഞ്ചോളം സാമ്പിളുകളാണ് പരിശോധിച്ചത്. ഫിസിക്സ് ഡിപ്പാർട്മെന്റ് പതിനാറ് സാമ്പിളുകളും പരിശോധിച്ചു. സർക്കാരിന്റെയും പോലീസിന്റെയും വാദങ്ങളെ പൂർണമായും തള്ളുന്നതാണ് ഫോറൻസിക് പരിശോധനാഫലം.
ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നായിരുന്നു പോലീസിന്റെയും സർക്കാരിന്റെയും ആദ്യവാദം. നേരത്തെ ഫിസിക്സ് ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് അല്ല തീപ്പിടിത്തത്തിനു കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പുതിയ വാദവുമായി പോലീസ് രംഗത്തെത്തി.
പ്രോട്ടോക്കോൾ ഓഫീസിലെ ഫാനിൽനിന്നുണ്ടായ തീയാണ് ഫയലിലേക്കും മറ്റും പടർന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നായിരുന്നു പോലീസ് പിന്നീട് വ്യക്തമാക്കിയത്. അതിനെ സാധൂകരിക്കാൻ ഗ്രാഫിക് ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാൽ ഫാനിൽനിന്ന് തീപ്പിടിത്തം ഉണ്ടായതിന് യാതൊരു തെളിവും ഫോറൻസിക് പരിശോധനയിൽ കണ്ടെത്താനായില്ല എന്നതാണ് ഈ റിപ്പോർട്ടിലെ കാതലായ ഭാഗം.